ബിജെപി പൊതുജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് പാര്‍ട്ടിവിട്ട നേതാക്കള്‍. വിലപേശലുകള്‍ നടത്തി കേന്ദ്രത്തിന്റെ പല സഹായങ്ങള്‍ നേടിയെടുക്കുക മാത്രമാണ് ബിജെപി കേരളത്തില്‍ ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തുറന്നടിച്ച് പാര്‍ട്ടി വിട്ട് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ ഹിന്ദുഐക്യവേദി നേതാവായ കേശവദാസ് പറഞ്ഞു.
”ബിജെപി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. പല മുഖങ്ങളാണ് പല സമയത്തും ബിജെപി കാണിക്കുന്നത്”- എന്നും ഒരു ചാനലിലെ പരിപാടിക്കിടെ കേശവദാസ് പറഞ്ഞു. സുരേന്ദ്രനെതിരെ ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ഋഷി പല്‍പ്പുവും രംഗത്തെത്തി. നിലവില്‍ ബിജെപിയിലെ ഒരുപാട് നേതാക്കള്‍ അസംതൃപ്തരാണെന്നും നൂറു കണക്കിന് പേര് അടുത്തദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്ന് ഋഷി പറഞ്ഞു.
കേശവദാസിന്റെ വാക്കുകള്‍ ഇങ്ങനെ
”ബിജെപി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. പല മുഖങ്ങളാണ് പല സമയത്തും ബിജെപി കാണിക്കുന്നത്. പല വിലപേശലുകള്‍ നടത്തി കേന്ദ്രത്തിന്റെ പല സഹായങ്ങള്‍ നേടിയെടുക്കുക മാത്രമാണ് ബിജെപി കേരളത്തില്‍ ചെയ്യുന്നത്. പൊതുജനത്തിന് വേണ്ടിയൊന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് സീറ്റൊന്നും കിട്ടാത്തതും.
ബിജെപിക്ക് എങ്ങനെയാണ് ഹിന്ദു ഐക്യവേദി നേതാവായ എനിക്കെതിരെ നടപടി എടുക്കാന്‍ സാധിക്കുന്നതെന്നും എനിക്ക് അറിയില്ല. എല്ലാം സ്വതന്ത്ര സംഘടനകളാണെന്നും ഹിന്ദുഐക്യവേദി ബിജെപിയുടെ ഭാഗമല്ലെന്നുമാണ് പറഞ്ഞുനടക്കുന്നത്. ഹിന്ദുഐക്യവേദിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ ബിജെപി ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇത് എനിക്ക് മനസിലാവുന്നില്ല. ബിജെപിയുടെ ഭാഗമായി ഹിന്ദുഐക്യ വേദി മാറിയിരിക്കുകയാണ്.”