സ്വന്തം സുഖവും സന്തോഷങ്ങളും ആവശ്യങ്ങളും മാറ്റി വച്ച് മക്കളെ രാവും പകലും ചേര്‍ത്തു പിടിക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ പലരും ഇത് മറക്കുന്നു. വാര്‍ധക്യത്തില്‍ അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും കേട്ടില്ലെന്നു നടിക്കുന്നവരാണ് പലരും. എന്നാല്‍ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്ന മാതാപിതാക്കളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കിയതിലെ സന്തോഷം പങ്കുവെക്കുകയാണ് ഷബീര്‍.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബഷീര്‍ തന്റെ മാതാപിതാക്കളെക്കുറിച്ചും അവരുടെ സന്തോഷത്തെക്കുറിച്ചും പറയുന്നത്. ചില്ലുപൊട്ടിയ ഫോണിന്റെ സ്ഥാനത്ത് ഉമ്മാക്ക് പുതിയ ഫോണ്‍ മേടിച്ചു നല്കിയ കഥയാണ് ഷബീര്‍ പിവി കുറിക്കുന്നത്.
ഗള്‍ഫിലുള്ള ഉപ്പായെ വിളിക്കാനും മറ്റുമായി ഉമ്മ ഉപയോഗിച്ചിരുന്ന ഫോണ്‍ പരുക്കു പറ്റിയ സാഹചര്യത്തില്‍ നിന്നുമാണ് ഷബീറിന്റെ കുറിപ്പ്. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളിലാണ് ഷബീറിന്റെ ഹൃദ്യമായ കുറിപ്പ് ഷെയര്‍ ചെയ്യപ്പെട്ടത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
മോനെ …. റൂമിന്റെ വാതിലില്‍ വന്നു ഉമ്മ
വിളിക്കുന്നു..
ന്തെ ഉമ്മാ …
വര്‍ക്ക് ചെയ്തോണ്ടിരിക്കുന്ന സ്ക്രീനില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ ചോദിച്ചു … ഉമ്മാന്റെ ഫോണൊന്നു നന്നാക്കി തര്യൊ ? പൊട്ടിയ ഡിസ്പ്ളേ ഉള്ള എന്റെ ഓഫിസ് ആവശ്യത്തിന് മുന്‍പ് ഉപയോഗിച്ച് പിന്നീട് ഉമ്മാക്ക് നല്കിയ ഫോണ്‍ ഉള്ളം കയ്യില്‍ നീട്ടി. ഉമ്മ ചോദിക്കുന്നു. അതിലാണ് ഉപ്പ ഗള്‍ഫില്‍ നിന്നും വിളിക്കുന്നതും വീട്ടിലെ ഫോണായും ഉപയോഗിച്ചത് …. അത് ഉയര്ത്തിപിടിച്ചോണ്ടാണ് ഉമ്മാന്റെ ചോദ്യം ! ഇതല്ലേ ഉമ്മ ഈ അടുത്ത് നന്നാക്കിയേ പിന്നേം കേടായോ ? അല്പം നീരസത്തോടെയും ഇനിയും ഡിസ്പ്ളേ മാറ്റാന്‍ കാശ് കളയണമല്ലൊന്നും ഉള്ള സങ്കടം കൊണ്ടും ഞാന്‍ ചോദിച്ചു . ഉമ്മഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
കുറച്ചു ദിവസങ്ങളായി ഉമ്മ പരാതി പറയുന്നു സൗണ്ട് ശരിക്ക് കേള്‍ക്കുന്നില്ല, ഉപ്പ വിളിക്കുമ്പോള്‍ പൊട്ടിയ സ്ക്രീനിലൂടെ ക്ലേശിച്ചാണ് പരസ്പരം വിഡിയോ കാള്‍ ചെയ്യുന്നതും.. അതെല്ലാം പെങ്ങടെ ചെക്കന്റെ സംഭാവന ആണ് . ഇനിയും നന്നാക്കിയാല്‍ വീണ്ടും അത് അവന് കേടു വരുത്തും. നിങ്ങള്‍ അടുക്കളേലും വെള്ളത്തിലൊക്കെ ശ്രദ്ധിക്കാതെ വച്ചിട്ടാണ് എന്ന മട്ടില്‍ പിന്നെ നോക്കാം എന്ന് പറഞ്ഞു. ഞാന്‍ കാര്യമായി അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു . സത്യം പറഞ്ഞാല്‍ ശ്രദ്ധയില്‍ ആ ഫോണ്‍ പെടാറേ ഇല്ലായിരുന്നു …
ഈ അടുത്ത ദിവസം എന്റെ ഫോണ്‍ ഒന്ന് നിലത്തു വീണു പൊട്ടി . സ്ക്രീന്‍ ഗാര്‍ഡ് ആണ് പൊട്ടിയതെന്നോര്‍ത്തു മാറ്റി ഇടാന്‍ ഊരിയപ്പൊഴയിരുന്നു ഫ്രണ്ട് കാമറയുടെ മുകളിലും ലാസ്റ്റ് കോര്‍ണറിലും നെടുനീളന്‍ വര ! ഇനി ഡിസ്പ്ലെ മാറ്റാതെ രക്ഷയില്ല ക്യാമറ ഓപ്പണ്‍ ചെയ്യുമ്പോ ക്ലിയര്‍ ഇല്ലാ ..പിറ്റേന്നുള്ള കമ്പനി കണ്വെന്ഷന് വയനാട് ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു . പൊതുവെ നല്ല കാഴ്ചകളൊക്കെയുള്ള ആ റിസോര്‍ട്ടില്‍ എല്ലാരും പ്രകൃതി രമണീയതയില്‍ സ്വന്തം മുഖം ഒപ്പുമ്പോള്‍ ഞാന്‍ മാത്രം അന്നാദ്യമായി ഫോണും കീശയിലിട്ട് അതെല്ലാം നോക്കി കണ്ടു.
അന്ന് വീട്ടിലെത്തി ചുമ്മാ ഉമ്മാന്റെ ഫോണ്‍ ഒന്ന് എടുത്തു നോക്കി …അത്യവശ്യം നല്ല പരുക്കുകള്‍ ഉണ്ട് ..ഫ്രണ്ട് ക്യാമറയിലെ പുക മറയില്‍ ചെറിയൊരു ഭാഗത്തിലൂടെ ആണ് ഉമ്മ ഉപ്പാനെയും ഉപ്പ എല്ലാരേയും കണ്ടിരുന്നത് . ചെറിയൊരു കുറ്റബോധത്തോടെ ഞാന്‍ അന്ന് കൊള്ളാവുന്ന ഒരു ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നോക്കി ഓര്‍ഡര്‍ കൊടുത്തു. ആ വിവരം ആരോടും പറഞ്ഞുമില്ല. ഇന്ന് ഫോണ്‍ കിട്ടി സര്‍പ്രൈസ് ആയി ഉമ്മാക്ക് കൊടുക്കാം എന്ന് വിചാരിച്ചു വീട്ടിലെത്തിയപ്പോള്‍ ഉപ്പാ വിഡിയോ കാളില്‍ ഉമ്മാനെ വിളിച്ചു കൊണ്ടിരിക്കുവാരുന്നു .
ഉപ്പാനോട് ഒരു സര്‍പ്രൈസ് ഉണ്ട് രണ്ടാള്‍ക്കും എന്ന് പറഞ്ഞു രണ്ടാള്‍ടേം മുന്നില്‍ നിന്ന് തന്നെ ഫോണ്‍ അന്‍ബൊക്സ് ചെയ്തു. ഉമ്മാക്ക് കൈമാറി …അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ ഉമ്മ കണ്ണ് മിഴിക്കുന്നത് കണ്ടു. കണ്ടു നിന്ന ഉപ്പാക്കും സന്തോഷം . ഇതെല്ലാം കണ്ടു നിന്ന പെങ്ങള് അതിനോടകം ഇക്കാക്ക ഉമ്മാന്റെ പഴേ ഫോണിനി എനിക്കുള്ളതാട്ടോ എന്നൊരു പ്രഖ്യപനവും നടത്തി . എല്ലാരും സന്തോഷം പങ്കിടുമ്പോള്‍ ഞാന്‍ എന്റെ റൂമിലേക്ക് പോയി കീശയില്‍ നിന്നെന്റെ ഫോണെടുത്തു സ്ക്രീനിലേക്ക് നോക്കി …..അതിലെ വരകളിലൂടെ വിരലോടിച്ചു …ഹൃദയം ചില്ല് പാത്രമാണ് ഒരിക്കല്‍ ഉടഞ്ഞാല്‍ ചേര്‍ത്ത് വച്ചാലും പൊട്ടലുകളും വിള്ളലുകളും പുറത്തു കാണും . നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ ഉയര്‍ച്ചക്കും തളര്‍ച്ചക്കും കൂടെ നിന്നവര്‍ …നമ്മുടെ ഒരുപാട് ആഗ്രഹങ്ങളെ ,വാശികളെ , നിറവേറ്റിയവര്‍ നമുക്ക് അവരും അവര്‍ക്ക് നമ്മളെയുമുള്ളൂ … സ്നേഹിക്കുക ആവോളം …ചേര്‍ത്ത് നിര്‍ത്തുക കൂടെ തന്നെ