നെടുമ്പാശേരി: ആകാശത്തുവെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്കി യുവതി. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ വെച്ചാണ് മലയാളി യുവതി പ്രസവിച്ചത്. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പിനെയും ആണ്‍കുഞ്ഞിനെയും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം ലണ്ടനില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണു സംഭവം. ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണു പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അല്പ സമയത്തിനുള്ളില്‍ യുവതിക്കു പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.
വേദന സഹിക്കാനാവാതെ യുവതി നിലവിളിച്ചപ്പോള്‍ കാബിന് ജീവനക്കാര്‍ വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍ക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു.
വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യന്‍സ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തില്‍ ആശ്രയമായത്. 7 മാസം ഗര്‍ഭകാലമായപ്പോഴായിരുന്നു പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
വിമാനമപ്പോള്‍ കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാന്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ചുവിട്ടതിനെ തുടര്‍ന്ന് 6 മണിക്കൂര്‍ വൈകിയാണു കൊച്ചിയിലെത്തിയത്.