കാസര്‍ക്കോട്: വഴിതെറ്റി കൊടുംകാട്ടിലകപ്പെട്ട 15കാരനെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് രക്ഷിച്ചു. വട്ടമല ഷാജിയുടെ മകന് ലിജീഷ് മാത്യുവിനെയാണ് കാട്ടില്‍ നിന്ന് രക്ഷിച്ചത്. രാത്രി മുഴുവന്‍ ഒറ്റയ്ക്ക് കാട്ടിനുള്ളിലെ പാറപ്പുറത്ത് ഇരുന്നാണ് 15കാരന് കഴിച്ചുകൂട്ടിയത്.
ശനിയാഴ്ച വൈകീട്ടാണ് നീലേശ്വരത്തിന് സമീപം ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് പാമത്തട്ടില്‍ നിന്ന് 15കാരനെ കാണാതായത്. വനത്തിനുള്ളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് ശരിയാക്കാന്‍ പോയ ലിജീഷ് കനത്ത മഴയും കാറ്റും മഞ്ഞും കാരണം വനത്തിനുള്ളില്‍ വഴിതെറ്റി പോവുകയായിരുന്നു. ഇതോടെയാണ് പുറത്തെത്താന്‍ സാധിക്കാതെ കാട്ടില്‍പ്പെട്ടത്.
പൈപ്പ് ശരിയാക്കിയിട്ട് മടങ്ങുന്നതിനിടെ മൂടല്‍മഞ്ഞ് വന്നതോടെ വഴി കാണാന്‍ സാധിക്കാതെ തെറ്റി. തനിക്ക് വഴി തെറ്റിയെന്ന് മനസിലായതോടെ അവന് തിരിച്ചു നടക്കാന്‍ തുടങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നതോടെ ഏതാണ്ട് നാല് കിലോമീറ്ററോളം ഉള്‍വനത്തിലേക്ക് എത്തിപ്പെട്ടു. വഴി പൂര്‍ണമായും തെറ്റിയെന്ന് മനസിലായതോടെ താന്‍ ഒരു പാറയുടെ മുകളില്‍ കയറി അവിടെ ഇരുന്നെന്നും ലിജീഷ് പറഞ്ഞു.
ഇതിനിടെ ലിജീഷ് തിരിച്ചെത്താതായതോടെ മാതാപിതാക്കളായ ഷാജിക്കും സാലിക്കും വേവലാതിയായി. കുട്ടി തിരിച്ചെത്തിയില്ലെന്ന കാര്യം മാതാപിതാക്കള്‍ ചില ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചത്. ഇതോടെ പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചിലും ആരംഭിച്ചു.
എന്നാല്‍ കാലാവസ്ഥാ പ്രതീകൂലമായത് തിരച്ചിലിനെ ബാധിച്ചു. അതിനിടെ പാറയ്ക്ക് മുകളില്‍ കയറി ഇരിക്കുയായിരുന്ന ലിജീഷ് തിരച്ചില്‍ സംഘത്തിന്റെ ടോര്‍ച്ച് ലൈറ്റുകള്‍ കാണുന്നുണ്ടായിരുന്നു. അവരുടെ ശ്രദ്ധ കിട്ടാനായി വളരെ ഉച്ചത്തില്‍ വിളിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല.
അങ്ങനെ രാത്രി മുഴുവന്‍ അവിടെ കഴിച്ചു കൂട്ടിയപ്പോള്‍ പേടി തോന്നിയില്ലെന്ന് ലിജീഷ് പറയുന്നു. തന്നെ എല്ലാവരും തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പേടി മാറിയതെന്ന് 15കാരന് വ്യക്തമാക്കി. സൂര്യന് ഉദിച്ചപ്പോള്‍ ലിജീഷ് തിരികെ വീട്ടിലേക്ക് നടന്നു തുടങ്ങി. രാവിലെ ആറ് മണിയോടെ നാട്ടുകാര്‍ തിരച്ചിലും ആരംഭിച്ചു. ഒടുവില്‍ രാവിലെ ഏഴരയോടെ തിരച്ചില്‍ സംഘം ലിജീഷിനെ വനത്തില്‍ കണ്ടെത്തി.