കോട്ടയം: അമ്മയുടെ ഏക പ്രതീക്ഷയായിരുന്നു നിതിന, മകള്‍ പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട വാര്‍ത്ത കേട്ട് ഇനിയും ഉള്‍ക്കൊള്ളാന്‍ നൊന്തുപെറ്റ ആ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. അത്രത്തോളം കഷ്ടപ്പെട്ടായിരുന്നു പൊന്നുമോളെ അമ്മ വളര്‍ത്തിയത്.
നിതിനയും അമ്മയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അച്ഛനുണ്ടെങ്കിലും ഇടയ്ക്കേ വീട്ടില്‍ വരാറുള്ളൂ. വീട്ടില്‍ നിന്ന് രാവിലെ ഏഴു മണിക്ക് ഇരുവരും ഒരുമിച്ചാണ് ഇറങ്ങിയിരുന്നത്. നിതിന കോളേജിലേക്കും അമ്മ ചികിത്സാ സംബന്ധമായ കാര്യത്തിനും.
തയ്യല്‍ ജോലി ചെയ്തായിരുന്നു അമ്മ കുടുംബം പോറ്റിയിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീട് ഈയടുത്ത് സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണ്. തലയോലപ്പറമ്പ് പഞ്ചായത്തില്‍ തുറയില്‍ ഭാഗത്താണ് വീട്. വിദേശത്ത് പോയി പഠിക്കണമെന്ന ആഗ്രഹത്തിലായിരുന്നു നിതിന.
മകളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ തന്നാല്‍ കഴിയുംപോലെ അധ്വാനിക്കുകയായിരുന്നു ആ അമ്മ. അതിനിടെയാണ് പ്രണയനൈരാശ്യത്തിന്റെ പേരില്‍ സഹപാഠി നിതിനയുടെ ജീവനെടുത്തത്. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് നിതിനയെ സഹപാഠി അഭിഷേക് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം.