തിരുവനന്തപുരം: നാല് സ്ഥാപനങ്ങളില്‍ നിന്നും രാജിവെച്ച് രമേശ് ചെന്നിത്തല. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പദവികളില്‍ നിന്നും കെ കരുണാകരന് ഫൗണ്ടേഷന് തലപ്പത്ത് നിന്നുമാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചത്.
ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. അതേസമയം, രമേശ് ചെന്നിത്തലയുടെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കാം.
പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തില്‍ രാജി കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. കെപിസിസി അധ്യക്ഷനാണ് സാധാരണ ഈ സ്ഥാപനങ്ങളില്‍ ചെയര്മാന് പദവി ഉണ്ടാവുക.
കെപിസിസി അധ്യക്ഷനായിരിക്കുമ്പോഴായിരുന്നു രമേശ് ചെന്നിത്തല ഈ പദവിയില്‍ എത്തിയത്. പിന്നീട് വന്ന കെപിസിസി അധ്യക്ഷന്മാരായ എംഎം ഹസ്സനും മുല്ലപ്പള്ളി രാമചന്ദ്രനും പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കൂടി ഒഴിഞ്ഞതോടെ രമേശ് ചെന്നിത്തല ഈ പദവികളില്‍ നിന്നെല്ലാം രാജിവെക്കുകയായിരുന്നു.