തൃത്താല: കളിക്കാനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. പാലക്കാട് തൃത്താല കപ്പൂര്‍ പറക്കുളത്ത് നിന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികളെ കാണാതായത്. വീട്ടില്‍ നിന്ന് കളിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികള്‍ രാത്രി വൈകിയും തിരികെ എത്താതിരുന്നതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് നാലുപേരെയും കണ്ടെത്തിയത്. ആനക്കര ഹൈസ്കൂളിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആനക്കര സെന്ററില്‍ നിന്ന് ചേകനൂര്‍ റോഡിലേക്ക് കുട്ടികള്‍ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആനക്കര ഹൈസ്കൂള്‍ ഭാഗത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് നാലുപേരെയും കണ്ടെത്തിയത്.
ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി. കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ മാതാപിതാക്കള്‍ ആദ്യം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുവീടുകളില്‍ ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പൊലീസിനെ അറിയിച്ച് വിശദമായ പരിശോധന നടത്തുന്നതും കുട്ടികളെ കണ്ടെത്തുന്നതും. കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.