ഇടുക്കി: നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിച്ച് രണ്ട് മരണം. യുവാവും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചാമംപതാല്‍ കിഴക്കേമുറിയില്‍ സജി തോമസിന്റെ മകന് ഷാരോണ്‍ സജി (18), ചാമംപതാല്‍ തടത്തിലാങ്കല്‍ ജോര്‍ജുകുട്ടിയുടെ മകള്‍ രേഷ്മ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്.
ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പുനലൂര്‍ – മൂവാറ്റുപുഴ ദേശീയപാതയില്‍ മണിമല പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
പരുക്കേറ്റ അമല മേരി (25), ജോബിന് ജയിംസ് (29), മെല്ബിന് തോമസ് (39) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ഷാരോണിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. 2 മാസം മുന്‍പ് വിവാഹ നിശ്ചയം കഴിഞ്ഞ രേഷ്മയുടെ വിവാഹം അടുത്തു തന്നെ നടക്കാനിരിക്കുകയായിരുന്നു. പരുക്കേറ്റ അമലയുടെ ജന്മദിനം ഇന്നലെയായിരുന്നു. ജോബിനാണ് കാറോടിച്ചിരുന്നത്. പരുക്കേറ്റ ജോബിന്റെ പിതാവിന് കരിക്കാട്ടൂരില്‍ കൃഷിയിടത്തില്‍ വീടുണ്ട്. ഇവിടെ ഷാരോണിന്റെ ജന്മദിനം ആഘോഷിച്ച ശേഷം ചാമംപതാലിലേക്കു മടങ്ങുകയായിരുന്നു സംഘം.