പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ചു. ജില്ലാ വനിതാശിശു വികസനവകുപ്പാണ് ജില്ലാപഞ്ചായത്ത് 2021-22 സാമ്പത്തികവർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ചത്.
നേരത്തെ, ശനിയാഴ്ച ജില്ലാ വനിതാശിശുവികസന വകുപ്പിന്റെ പുതിയകെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിൽ ഒന്നാംനിലയിലുള്ള സ്ത്രീകളുടെ ശൗചാലയങ്ങളിലായി രണ്ട് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നു.
പത്തുരൂപ നാണയങ്ങളായി മെഷീനിൽ നിക്ഷേപിച്ചാൽ സാനിറ്ററി പാഡ് പുറത്തേക്ക് വരുന്ന രീതിയിലാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. ഒന്ന്, അഞ്ച്, 10 രൂപ നാണയങ്ങൾ ഇതിനായി ഉപയോഗിക്കാം. മൂന്ന് പാഡുകളുള്ള ഒരു പായ്ക്കറ്റാണ് ഗുണഭോക്താവിന് ലഭിക്കുക. സ്ത്രീ ജീവനക്കാർക്കായുള്ള ശൗചാലയത്തിലാണ് മെഷീൻ സ്ഥാപിച്ചത്.
കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിനുള്ളിലും വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെട്ടിടംപണി പൂർത്തീകരിച്ചതിനുശേഷം മാത്രമേ ഇത് ഉപയോഗയോഗ്യമാകൂ. നാല് വെൻഡിങ് മെഷീനുകൾക്കായി രണ്ടരലക്ഷത്തോളം രൂപയാണ് പദ്ധതിവിഹിത പ്രകാരം ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നത്.