തൃശ്ശൂര്‍: പോര്‍ച്ചുഗലിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി തൃശ്ശൂര്‍ സ്വദേശി രഘുനാഥ് കടവന്നൂര്‍. പോര്‍ചുഗലിലെ വെര്‍മേല പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോര്‍ച്ചുഗലിന്റെ സ്ഥാനാര്‍ത്ഥിയായി രഘുനാഥ് കളത്തിലേയ്ക്ക് ഇറങ്ങുന്നത്.
കഴിഞ്ഞ 11 വര്‍ഷത്തോളമായി രഘുനാഥ് പോര്‍ച്ചുഗലില്‍ ജോലി ചെയ്തുവരികയാണ്. നാട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന രഘുനാഥ് പോര്ച്ചുഗലിലെത്തിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. നാട്ടിലെ പോലെ തന്നെ, പോര്‍ച്ചുഗലിലെ ഇടത് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോര്‍ചുഗലില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
രഘുനാഥിന്റെ വാക്കുകള്‍;
മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറി വന്നവര്‍ കാരണം പോര്‍ചുഗലിലെ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന രീതിയില്‍ വലിയ പ്രചരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മറ്റു പാര്‍ട്ടികളാണ് ഇത്തരത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.
മറ്റുള്ള പാര്‍ട്ടികളൊക്കെ ഒറ്റക്കാണ് മത്സരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടിയും വേറൊരു പരിസ്ഥിതി പാര്‍ട്ടിയും ചേര്‍ന്ന് സംയുക്തമായിട്ട് സിഡിയു എന്ന പേരിലാണ് മത്സരിക്കുന്നത്. നാട്ടിലുള്ള പാര്‍ട്ടി സംവിധാനം പോലെയല്ല പോര്‍ചുഗലിലെ പാര്‍ട്ടി സംവിധാനം.