കൊച്ചി: വിദേശ വനിതയെ സമീപവാസി മരത്തടികൊണ്ട് അടിക്കാന്‍ വന്നെന്ന് പരാതി. കളമശേരിയിലാണ് സംഭവം. എച്ച്എംടി കോളനിക്കു സമീപം മൂന്നു വര്‍ഷമായി സ്ഥിരതാമസമാക്കിയ മലേഷ്യയില്‍ നിന്നുള്ള പൂജ തെരാഷാ സ്റ്റാന്സ്ലസ് എന്ന വനിതയാണ് പരാതിക്കാരി.
ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരാതി നല്‍കിയിത്. സമീപവാസി മരത്തടികൊണ്ട് അടിക്കാന്‍ വന്നെന്നും അസഭ്യവര്‍ഷം നടത്തിയെന്നും വധഭീഷണിയുണ്ടെന്നും കാണിച്ചാണ് പരാതി. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഏതാനും വര്‍ഷം മുന്‍പു കേരളത്തില്‍ എത്തിയപ്പോള്‍ പരിചയപ്പെട്ട ഇറ്റാലിയന്‍ പൗരനുമായി കളമശേരിയിലെ എച്ച്എംടി കോളനിക്കു സമീപം വീടു വാങ്ങിയാണ് ഇവര്‍ താമസിക്കുന്നത്. നിലവില്‍ പങ്കാളി നാട്ടിലേക്കു മടങ്ങിപ്പോയിട്ടുള്ളതിനാല്‍ ഒറ്റയ്ക്കാണു താമസിക്കുന്നത്.
ഒരു നായയാണു ഇവര്‍ക്ക് കൂട്ടിനുള്ളത്. കടുത്ത മൃഗസ്നേഹിയായതിനാല്‍ സമീപത്തുള്ള നായകള്‍ക്കു തീറ്റ കൊടുക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം ക്ഷീണിച്ചുമെലിഞ്ഞ ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതുകണ്ട്, അതിഷ്ടപ്പെടാതിരുന്ന സമീപവാസി അലി എന്നയാള്‍ ആക്രമിക്കുകയായിരുന്നു എന്നു പൂജ പറയുന്നു.
നായയുമായി ഓടി രക്ഷപ്പെട്ടതിനാലാണ് അടി ഏല്‍ക്കാതിരുന്നത്. തന്നെ ഉപദ്രവിക്കാന്‍ വന്ന വിവരം അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞെങ്കിലും അവര്‍ ക്ഷമാപണം നടത്തിയില്ലെന്നു മാത്രമല്ല, പൊലീസിനെ വിളിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
5 മിനിറ്റിനകം പൊലീസ് എത്തിയെങ്കിലും ഔദ്യോഗികമായി പരാതി നല്കാന് ആവശ്യപ്പെട്ടു മടങ്ങി. അരമണിക്കൂറിനു ശേഷം അലി തന്റെ ഗേറ്റ് തള്ളിത്തുറന്ന് അതിക്രമിച്ച് അകത്തു കയറാന്‍ ശ്രമം നടത്തി . ഇവിടെ അനാശാസ്യം നടത്തുകയാണെന്നു പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു.