മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന ഒരു അമ്മയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. രുക്മിണി അമ്മയാണ് മോഹന്‍ലാലിനെ ഒരു തവണയെങ്കിലും കാണണമെന്ന് കരഞ്ഞുകൊണ്ടു പറഞ്ഞത്. ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
ഇപ്പോഴിതാ രുക്മിണി അമ്മയെ തേടി സൂപ്പര്‍ താരത്തിന്റെ വിഡിയോ കോള്‍ എത്തിയിരിക്കുകയാണ്. കോവിഡ് കാലമായതിനാല്‍ നേരിട്ട് കാണാനുള്ള പരിമിതികള്‍ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവില്‍ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു.
എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികള്‍ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരില്‍ കാണാമെന്ന് ഉറപ്പും കൊടുത്തു.
അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരില്‍ വരുമ്പോള്‍ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു. മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അമ്മയുടെ ആഗ്രഹം നടത്താനായി മുന്നിട്ടിറങ്ങിയത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരാണ്.