തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെ അടിയന്തരമായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജലനിരപ്പ് ക്രമാധീതമായി വര്‍ധിച്ചിട്ടും, തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയി ക്രമീകരണം നടത്തുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി ഉടന്‍ ബന്ധപ്പെടാന്‍ തീരുമാനിച്ചത്.
ഇന്നലെ പുലര്‍ച്ചെ 2.35നാണ് മുല്ലപ്പെരിയാര്‍ ഡാം തുറന്നത്. എന്നാല്‍ ഡാം തുറന്നിട്ടും ജലനിരപ്പ് ഉയരുകയായിരുന്നു. അണക്കെട്ട് തുറക്കുമ്പോള്‍ 140 അടിയായിരുന്നു ജലനിരപ്പെങ്കില്‍ രാവിലെയോടെ 141 അടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിട്ടുണ്ട്.