കോഴിക്കോട്: നിപ ബാധിച്ച് 12കാരന് മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയ മുഹമ്മദ് ഹാഷിമാണ് നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയവെ മരിച്ചത്. ഹാഷിമിന്റെ മരണം ഉറ്റവരെയും ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഒരു പോലെ ദുഃഖത്തിലാഴ്ത്തുകയാണ്.
കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു മുഹമ്മദ് ഹാഷിം. പരിചയമുള്ള എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ഹാഷിമിനെ അവസാനമായി ഒരുനോക്കു കാണാന്‍ പോലും പ്രിയപ്പെട്ടവര്‍ക്കായില്ല.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനാണ് ഹാഷിം. നിപ ബാധിച്ച് മരിച്ചതോടെ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ് ഇല്ലാതായത്.
മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകസ്വപ്നം.
എന്നാല്‍ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നിപ ഇല്ലാതാക്കി. അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല.
നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ചാണ് ഇന്നലെ കണ്ണംപറമ്പില്‍ കബറടക്കിയത്.
സ്വകാര്യ ആശുപത്രിയില്‍നിന്ന് ആരോഗ്യപ്രവര്‍ത്തര്‍ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാര്‍ഥന ചൊല്ലി അന്ത്യയാത്ര നല്കി. കുട്ടിയുടെ ബന്ധുക്കളും പ്രാര്‍ഥനയില്‍ പങ്കെടുത്തു. പിടിഎംഎച്ച്എസ്എസിലെ എട്ടാംതരം വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഹാഷിം.