ഇടുക്കി: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ യുവാവ് അറസ്റ്റിൽ. മൂന്നാർ കോളനിയിൽ താമസിക്കുന്ന വിജയ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലും മൂന്നാറിലെ സ്വകാര്യ കോട്ടേജിലുമെത്തിച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്നാറിലെ ആശുപത്രിയിലെത്തിച്ചതോടെയാണ് പെൺകുട്ടി ഗർഭിയാണെന്ന് അറിഞ്ഞത്.
ആശുപത്രി അധികൃതർ പൊലീസിന് വിവരങ്ങൾ കൈമാറിയതോടെ മൂന്നാർ സി ഐ മനേഷിൻറെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രതിയായ വിജയ കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.