മലക്കപ്പാറ: തേയിലത്തോട്ടത്തിലെ മരത്തില്‍കയറി തേന്‍ കുടിക്കാന്‍ ശ്രമിച്ച കരടി ചില്ലകള്‍ക്കിടയില്‍ കുരുങ്ങി. നാടിനെയൊന്നടങ്കം വിറപ്പിച്ച ഭീകരനാണ് ഒടുവില്‍ ‘ഹണിട്രാപ്പിലായ’ത്. വാല്‍പ്പാറ മേഖലയില്‍ തേയിലത്തോട്ടത്തില്‍ ഒരു വര്‍ഷത്തിനിടെ നാലു തൊഴിലാളികളെയാണ് കരടികള്‍ ആക്രമിച്ചത്.
ഇതില്‍ ഒരാള്‍ മരിച്ചു. സാരമായി പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്. ഇതിനിടെയാണ് കരടി മരത്തില്‍ കുടുങ്ങിയത്. ദിവസം മുഴുവന്‍ മരത്തിലിരുന്ന് ശബ്ദമുണ്ടാക്കിയ കരടിയെ മയക്കുവെടി വെച്ചും മരം മുറിച്ചുമാണ് നപാലകര് താഴെയിറക്കി രക്ഷിച്ചത്. രണ്ടുവയസ്സുള്ള ആണ് കരടിയാണ് കുടുങ്ങിയത്.
വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് തേയില എസ്റ്റേറ്റ് പത്താം നമ്പര്‍ ഫീല്‍ഡിലെ 30 അടിയിലേറെ ഉയരമുള്ള സില്‍വര്‍ റോക്ക് മരത്തിലാണ് കരടി കുടുങ്ങിയത്. വലതുകാല്‍ മരച്ചില്ലകള്‍ക്കിടയില്‍ കുരുങ്ങിയതോടെ ഇറങ്ങാന്‍ പറ്റാതാവുകയായിരുന്നു. തേയിലത്തോട്ടം തൊഴിലാളികള്‍ കരടിയുടെ ശബ്ദം കേട്ടപ്പോള്‍ ആദ്യം ഭയന്നുമാറി.
പിന്നീട് നിര്‍ത്താതെയുള്ള കരച്ചില് കേട്ടപ്പോഴാണ് തിരിച്ചുചെന്നത്. വിവരമറിഞ്ഞ് വനപാലകര്‍ എത്തി. കരടി തനിയെ മരത്തില്‍ നിന്നിറങ്ങി പോകുമെന്ന് കരുതി അവര്‍ തിരിച്ചു പോയെങ്കിലും കരടിക്ക് മരത്തില്‍ നിന്നിറങ്ങാന്‍ സാധിച്ചില്ല. തീപ്പന്തമുണ്ടാക്കി ഭയപ്പെടുത്തി ഇറക്കാനായി അടുത്ത ശ്രമം. അതും വിജയിച്ചില്ല.
ഒടുവില്‍ കരടിയെ ഉയരത്തില്‍ വെച്ച് മയക്കുവെടിവെക്കുന്നത് കുഴപ്പമാവും എന്നതിനാല്‍ മരം മുറിച്ച് രക്ഷപ്പെടുത്താന്‍ തീരുമാനിച്ചു. മരം മുറിച്ച് പതിയെ താഴ്ത്തിയ ശേഷം വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍ സുകുമാരന്‍ മയക്കുവെടി വെച്ചു. മയങ്ങിയ കരടിയുടെ കാല് ചില്ലകള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത ശേഷം അയ്യര്‍പാടിയിലെത്തിച്ച് ചികിത്സ നല്കി. പിന്നീട് വനപാലകര്‍ തിരിച്ചെത്തിച്ച് തുറന്നുവിട്ടു.