സുല്‍ത്താന്‍ ബത്തേരി : മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ രക്ഷകനായി എത്തി ഒരു വയസുകാരി ആയിഷ സെന്‍ഹയ്ക്ക് പുതുജീവന്‍ പകര്‍ന്ന് പ്രനൂപ്. കളിക്കുന്നതിനിടെ തൊണ്ടയില്‍ കല്ലു കുടുങ്ങി ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്കു നീങ്ങിയ ആയിഷയെ പ്രനൂപിന്റെ ഇടപെടല്‍ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.
ആയിഷയെ പ്രനൂപ് കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി കല്ലു കളഞ്ഞത് നിമിഷങ്ങള്‍ക്കുള്ളിലാണ്. അല്പം കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന് പോലും അപകടത്തിലാകുമായിരുന്നെന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനൊപ്പം കഴിയുന്ന മാതാവ് അമ്പുകുത്തി പട്ടയമ്പം കണ്ടോത്ത് ഫിറോസിന്റെ ഭാര്യ ഷഹാമത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ കുട്ടി മുഹമ്മദ് അസ്മിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോള്‍ ഇളയവള്‍ ഒരു വയസ്സുകാരി ആയിഷ സെന്‍ഹയെ നോക്കാനേല്പിച്ചത് മൂത്തയാള്‍ ആറുവയസുകാരന് മുഹമ്മദ് ഫര്‍സിനെയായിരുന്നു.
ഇടക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെന്‍ഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്. കളിക്കുന്നതിനിടെ വായിലിട്ട നെല്ലിക്ക വലുപ്പത്തിലുള്ള കല്ല് മേല്പോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ഷഹാമത്ത് ഉടന്‍ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയില്‍ കയ്യിട്ട് കല്ലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ തോളില്‍ കിടത്തി തട്ടി നോക്കി എന്നാല്‍ കല്ലു പോയില്ല. കുട്ടിയുടെ കരച്ചില് നേര്‍ത്തു നേര്‍ത്തു വന്നു. അയല്‍വാസി ശകുന്തളയും ഒപ്പമെത്തി.
അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവില്‍ കയറി നിന്ന് തടഞ്ഞു ഓട്ടോ ഡ്രൈവര്‍ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിര്‍ത്തി ഓടിയെത്തി.
പ്രനൂപ് കുട്ടിയെ ഉടന്‍ എടുത്ത് ശാസ്ത്രീയമായ രീതിയില്‍ കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോള്‍ രക്തത്തോടൊപ്പം കല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതല്‍ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവന് രക്ഷാ മാര്‍ഗങ്ങളില്‍ ആശുപത്രിയില്‍ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു.