കണ്ണൂര്‍: ഇ ബുള്‍ജെറ്റ് സഹോദരന്മാര്ക്കെതിരെ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എബിന്, ലിബിന് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന് ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.
തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് യൂട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്ക്കെതിരെകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്.
നേരത്തെ, ഇവര്‍ക്കെതിരേ ആര്.ടി. ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇതിന് ഇവര്‍ക്ക് ജാമ്യം ലഭിച്ചരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിന്, ലിബിന് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നല്‍കിയത്. അതേസമയം, എബിനും ലിബിനും അറസ്റ്റിലായ സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭിക്ഷണിപ്പെടുത്തിയതിനാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.