കൊല്ലം: കൊട്ടിയത്ത് ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാന(27)യുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിഷാനയെ ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിഷാനയുടെ മരണം സംഭവിച്ചത്. ഭര്‍ത്താവ് നിസാം(39) ആണ് അറസ്റ്റിലായത്. ഭാര്യ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് നിസാം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു
കാമുകിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് നിസാം പൊലീസിനോട് പറഞ്ഞു. നിഷാനയെ കഴുത്തില്‍ ഷാളുപയോഗിച്ച് മുറുക്കിയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
തെളിവെടുപ്പിനായി നിസാമിനെ നാട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി. നിസാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയുടെ പിതാവ് നടത്തിയ കട നാട്ടുകാര്‍ തല്ലിപ്പൊളിച്ചു. തെളിവെടുപ്പ് സമയത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.യുവതിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.