തന്റെ ജനനസമയത്ത് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉണ്ടായിരുന്ന നഴ്സ് രാജമ്മയെ കണ്ട സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീ എന്റെ മകനാണ്,.. എന്ന് അധികാരസ്നേഹത്തോടെ വിളിച്ചുപറഞ്ഞാണ് രാജമ്മയുടെ ഇഷ്ടപ്രകടനം.
രാഹുല്‍ ഗാന്ധി തന്നെയാണ് നഴ്സ് രാജമ്മയെ കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. ‘ഞാന്‍ ജനിച്ച ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലില്‍ നഴ്സായിരുന്ന രാജമ്മയെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷകരമാണ്. ‘എന്റെ മകന്’ എന്ന് അവര്‍ വിളിക്കുമ്പോഴെല്ലാം രാജമ്മയുടെ സ്നേഹവും വാത്സല്യവും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. എന്റെ വയനാട് സന്ദര്‍ശനത്തിനിടെ ഇന്നലെ രാജമ്മയെ കണ്ടു. രാജമ്മ, ഞാന്‍ എപ്പോഴും നിങ്ങളുടെ അനുഗ്രഹം തേടും’- എന്ന് രാഹുല്‍ കുറിച്ചു.
കാറിനുള്ളില്‍ ഇരുന്ന രാഹുലിനെ ഒരു അമ്മയെ പോലെ രാജമ്മ സ്നേഹം കൊണ്ടും വാല്‍സല്യം കൊണ്ടും മൂടുകയാണ്. നീ എന്റെ മകനാണ്,.. എന്ന് അധികാരസ്നേഹത്തോടെ വിളിച്ചുപറഞ്ഞാണ് രാജമ്മയുടെ ഇഷ്ടപ്രകടനം. എന്റെ മുന്നില്‍ വെച്ചാണ്, മറ്റാരും രാഹുലിനെ കാണുന്നതിന് മുമ്പ് ഞാന്‍ കണ്ടതാണ്, അതുകൊണ്ട് ആ സ്ഥാനം ഞാനാര്‍ക്കും കൊടുക്കില്ലെന്നും രാജമ്മ സ്നേഹത്തോടെ പറയുന്നു.
സ്വന്തം വീടും രാജമ്മ രാഹുലിന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. നല്ല വീടെന്ന് രാഹുല്‍ മറുപടി നല്കുന്നു. താന്‍ എന്തെങ്കിലും അസൗകര്യമുണ്ടാക്കിയോ എന്ന് ഒപ്പമുള്ളവരോട് അവര്‍ ചോദിക്കുന്നുണ്ട്. യാത്ര പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് രാഹുലിന്റെ വാക്ക്.