പനമരം: അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ ഭീതിയിലായി ഒരു നാട്. പാതിരാത്രിയില്‍ എത്തുന്ന അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കുന്നതിനു പുറമേ വീടിനും ചുറ്റും നടക്കുകയും ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുകയും ചെയ്യുന്നു. കായക്കുന്നിലെ നാട്ടുകാരാണ് പാതിരാത്രിയില്‍ പേടിയോടെ കഴിയുന്നത്.
വീടിനുപുറത്തുനിന്നും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു പുറത്തിറങ്ങി നോക്കിയാല്‍ ആരെയും കാണാന്‍ കഴിയില്ല. തിങ്കള്‍ രാത്രി 11.30ന് പനമരം നടവയല്‍ റോഡില്‍ കായക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ വടക്കേ കണ്ണമംഗലത്ത് ജോസിന്റെ വീട്ടിലെത്തിയ അജ്ഞാത സംഘം വീടിനു ചുറ്റും നടന്നതിനു പുറമേ വീട്ടുമുറ്റത്ത് തൊഴുത്തിനോടു ചേര്‍ന്നുള്ള ടാപ്പ് തുറന്നുവച്ചു കടന്നുകളഞ്ഞു.
കഴിഞ്ഞ ശനി രാത്രിയിലും ഈ വീട്ടില്‍ അജ്ഞാത സംഘം എത്തി ജനലില്‍ ശക്തിയായി തട്ടിയിരുന്നു. അന്ന് അതേസമയത്തു തന്നെ സമീപത്തെ മറ്റൊരു വീടിന്റെ വാതിലിലും മുട്ടി. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും അതേ വീട്ടില്‍ അജ്ഞാത സംഘം എത്തി വീട്ടുകാരെ പേടിപ്പിച്ചത്.
2 തവണയും വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതോടെ നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്. താഴെ നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിന്റെ ഭീതി അകലും മുന്‍പ് അജ്ഞാത സംഘത്തിന്റെ ശല്യം.