കല്‍പ്പറ്റ: ചായക്കടയ്ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുന്നുവെന്ന് പറഞ്ഞ് ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമങ്ങളെ തടഞ്ഞ് നാട്ടുകാര്‍. വയനാട്ടിലാണ് സംഭവം. പിഴ ചുമത്തുന്നതിനിടെ താന്‍ കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്താന്‍ ചായക്കടക്കാരന് ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നതോടെ മജിസ്ട്രേറ്റിന് മടങ്ങേണ്ടി വരികയായിരുന്നു.
വയനാട് പഴയ വൈത്തിരിയിലാണ് സംഭവം നടന്നത്. ചായക്കടയ്ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നുവെന്ന് പറഞ്ഞാണ് സെക്ടറല്‍ മജിസ്ട്രേറ്റ് നടപടിയെടുക്കാനെത്തിയത്. പിഴയടക്കാന്‍ നിവൃത്തിയില്ലെന്നും കട തുറന്നില്ലെങ്കില്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും കടക്കാരന് മജിസ്ട്രേറ്റിനോട് പറഞ്ഞു.
എന്നാല്‍ പല തവണ മുന്നറിയിപ്പ് നല്‍കിയതാണെന്ന് പറഞ്ഞുകൊണ്ട് സെക്ടറല്‍ മജിസ്ട്രേറ്റും കടക്കാരനും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. പിഴ അടയ്ക്കാതെ പറ്റില്ല എന്ന നില വന്നതോടെ കടയുടമ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു.
കട ബാധ്യതമൂലം ആത്മഹത്യയുടെ വക്കിലായ താന്‍ ഈ വാഹനത്തിന് മുന്നില്‍ കിടന്ന് മരിക്കാന്‍ തയ്യാറാണെന്ന് ചായക്കടക്കാരന് പറഞ്ഞതോടെ നാട്ടുകാര്‍ അയാള്‍ക്കൊപ്പം ചേര്‍ന്നു. നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ പിഴ ചുമത്താനുള്ള ശ്രമം ഉപേക്ഷിച്ച് സെക്ടറല്‍ മജിസ്ട്രേറ്റ് മടങ്ങി. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കടയുടമയ്ക്ക് മുന്നറിയിപ്പ് നല്‍കിയാണ് സെക്ടറല്‍ മജിസ്ട്രേറ്റ മടങ്ങിയത്.