മൊഗ്രാൽപുത്തൂർ: വാക്സിൻ വിതരണത്തെ ചൊല്ലി മൊഗ്രാൽ പുത്തൂർ വാക്സിനേഷൻ കേന്ദ്രത്തിൽ കൂട്ടത്തല്ല്. പഞ്ചായത്ത് പരിധിയിലെ ആളുകൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. മൊഗ്രാൽ പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വാക്സിൻ നൽകിയിരുന്നത്. വാക്സിൻ സ്വീകരിക്കാനെത്തിയവരും പുറത്തുനിന്ന് വന്നവരും തമ്മിൽ സംഘർഷമുണ്ടായി.
പിന്നീട് ആരോഗ്യ വകുപ്പ് അധികൃതർ വിവരം നൽകിയതിനെത്തുടർന്ന് പോലീസ് എത്തിയതിനുശേഷമാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കോർ കമ്മിറ്റി തീരുമാനപ്രകാരം ഒന്ന്, രണ്ട് വാർഡുകളിലെ ആളുകൾക്കായിരുന്നു വാക്സിൻ നൽകിയിരുന്നത്. എന്നാൽ, പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ നിന്നെത്തിയ ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഏറെ നേരം തടസ്സപ്പെട്ട വാക്സിൻ വിതരണം പോലീസ് സംരക്ഷണത്തോടെ പിന്നീട് തുടർന്നു. വരുംദിവസങ്ങളിൽ പോലീസ് സഹായത്തോടെ വാക്സിൻ വിതരണംചെയ്യും. പുറത്ത് നടന്ന സംഘർഷം വാക്സിൻ വിതരണത്തെ തടസ്സപ്പെടുത്തിയില്ലെന്നു അധികൃതർ അറിയിച്ചു.