തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാനുള്ള സമ്പൂർണ അടച്ചിടലിനു ബദൽ മാർഗം തേടി സർക്കാർ. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള ലോക്ക്ഡൗണിൽ മാറ്റം വരുത്താനൊരുങ്ങുന്നു. 83 ദിവസം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതിൽ ഇന്നലെ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു.അതേ സമയം ഇന്നും നാളെയും വാരാന്ത്യ ലോക് ഡൗൺ തുടരും.
നീണ്ടുപോകുന്ന അടച്ചിടലിൽ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അതൃപ്തി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല. ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ കണ്ടെത്തണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബുധനാഴ്ചയ്ക്കകം ബദൽ നിർദ്ദേശം സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്