കാസര്‍കോട്: ദേശീയപാത വികസനത്തിനായി ക്ഷേത്ര ഭൂമി വിട്ടുനല്‍കി മാതൃകയായി വിശ്വാസികള്‍. കാസര്‍കോട് ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രക്കമ്മിറ്റിയാണ് സ്വമേധയാ പ്രതിഷ്ഠയടക്കം ക്ഷേത്രം മാറ്റി ദേശീയ പാതയ്ക്കായി ഭൂമി നല്‍കിയത്.
റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്താല്‍ ദൈവം പൊറുക്കുമെന്ന ഹൈക്കോടതി പരാമര്‍ശം വരുംമുന്പേ ഇവര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ദേശീയപാത 66ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന സ്ഥലം അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോള്‍ തടസ്സം മുന്നയിക്കാതെ ക്ഷേത്രം മാറ്റിപ്പണിയാനാണ് ഇവര്‍ ശ്രമിച്ചത്.
തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി പ്രതിഷ്ഠയടക്കം മാറ്റി സ്ഥാപിക്കുകയായിരുന്നു. ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് സമീപത്തായി താല്‍ക്കാലികമായി ഉണ്ടാക്കിയ ബാലാലയത്തില്‍ പ്രതിഷ്ഠിച്ചു. പുതിയ ക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ മറ്റൊരു സ്ഥലം വിട്ടുനല്‍കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ഈ ബാലാലയത്തില്‍ ആരാധന തുടരും. അള്ളട ദേശത്തെ ആയിരത്തോളം വര്‍ഷം പഴക്കമുള്ള ആദിക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാരായിരുന്നു ക്ഷേത്രം നടത്തിയിരുന്നത്. പിന്നീട് നാട്ടുകാരേറ്റെടുത്ത് പരിപാലിച്ചുവരികയായിരുന്നു.