കോഴിക്കോട്: തന്റെ കുഞ്ഞാരാധികയായ റോക്ഷത് ഖാത്തൂന് എന്ന ബംഗാള്‍ സ്വദേശിനിക്ക് സര്‍പ്രൈസ് സമ്മാനവുമായി നടന് ദിലീപ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പത്താംതരം പൂര്‍ത്തിയാക്കിയ
തിന് പിന്നാലെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായ റോക്ഷത് ഖാത്തൂന് ദിലീപ് സര്‍പ്രൈസ് നല്‍കിയത്.
താരം വിഡിയോ കോള്‍ വഴി എത്തി തന്റെ ബംഗാളി ആരാധികയെ ഞെട്ടിക്കുകയായിരുന്നു. മലയാളത്തെ ഏറെ സ്നേഹിക്കുന്ന, ദിലീപ് ചിത്രങ്ങള്‍ മാത്രം കാണുന്ന റോക്ഷത് ദിലീപിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞതിനു പിന്നാലെയാണ് ദിലീപ് വിഡിയോ കോള്‍ ചെയ്തത്.
‘ഒരിക്കലും പ്രതീക്ഷിച്ചില്ല ദിലീപേട്ടന് വിളിക്കുമെന്നും അദ്ദേഹത്തോട് വിഡിയോ കോളില്‍ സംസാരിക്കാന്‍ കഴിയുമെന്നും. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. കോള്‍ കട്ടായ ശേഷം ഞാന്‍ എന്നെത്തന്നെ പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാര്‍ഥ്യമാണോ ഇതെന്ന് അറിയാന്‍. വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടും എല്ലാം ഞാന്‍ ഈ സന്തോഷം അറിയിച്ചുകൊണ്ടിരിക്കുകയാണ്’- റോക്ഷത് പറയുന്നു.
കോഴിക്കോട്ടെ റോക്ഷത്തിന്റെ വീട്ടിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ജനപ്രിയ നായകന്റെ വിഡിയോ കോള്‍ എത്തുന്നത്. തന്റെ സഹോദരിക്കും കുടുംബത്തോടും ഒപ്പമാണ് ദിലീപിന്റെ വിഡിയോ കോള്‍ റോക്ഷത് അറ്റന്‍ഡ് ചെയ്തത്. കുടുംബത്തിലെ എല്ലാവരോടും ദിലീപ് സംസാരിച്ചു. കൊല്‍ക്കത്തയില്‍നിന്ന് കേരളത്തിലെത്തിയതാണ് റോക്ഷത്തിന്റെ അച്ഛന് റഫീഖ്.
റഫീഖും ദിലീപിന്റെ കടുത്ത ആരാധകനാണ്. കല്‍ക്കട്ട ന്യൂസ് എന്ന സിനിമയുടെ ഭാഗമായി കൊല്‍ക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും ഏറെ സഞ്ചരിച്ചിട്ടുണ്ടെന്നും അവിടെയുള്ള ആളുകളുടെ സ്നേഹം അടുത്തറിയാന്‍ ഭാഗ്യം ലഭിച്ച ആളാണ് താെനന്നും അതേദേശത്തു നിന്ന് ഇപ്പോള്‍ തനിക്കൊരു കുഞ്ഞാരാധിക ഉണ്ടെന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു.