പെരുമ്പെട്ടി: പത്തനംതിട്ട പെരുമ്പട്ടിക്ക് സമീപം കൃഷി നശിപ്പിക്കാൻ എത്തി കിണറ്റിൽ വീണ 100 കിലോയിലേറെ ഭാരമുള്ള കാട്ടുപന്നിയെ ദ്രുതകർമസേന കരയ്ക്കെത്തിച്ച് കാട്ടിലേക്ക് തിരിച്ചയച്ചു.
എഴുമറ്റൂർ കിളിയംകാവിന് സമീപം വേങ്ങഴവീട്ടിൽ അജികുമാറിന്റെ പുരയിടത്തിലെ ആൾമറയില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിലാണ് കാട്ടുപന്നി അകപ്പെട്ടത്. വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്നു റാന്നിയിൽനിന്ന് ദ്രുതകർമസേനയെത്തി കിണറ്റിലേക്ക് വലയെറിഞ്ഞ് പന്നിയെ കുടുക്കി കരയിലേക്ക് കയറ്റി.
പിന്നീട് ഇതിനെ ഉൾവനത്തിൽ അഴിച്ചു വിട്ടു. എസ്എഫ്ഒമാരായ സുരേഷ്കുമാർ, അനു കൃഷ്ണൻ, ബിഎഫ്ഒമാരയ കെ.ആർ ബിലീപ് കുമാർ, അരുൺ ദേവ്, വൈ.യേശുദാസ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.