ചാത്തന്നൂർ: സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുമെന്ന ഘട്ടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി അമൃതയ്ക്ക് സഹായം അങ്ങ് അമേരിക്കയിൽ നിന്നെത്തി. സംഘടനകൾ അമൃതയ്ക്ക് ഫോൺ നൽകാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അമേരിക്കയിൽ ജോലിനോക്കുന്ന നെടുങ്ങോലം സ്വദേശി നമിത ഗോപാലകൃഷ്ണൻ അമൃതയ്ക്ക് മൊബൈൽ ഫോൺ വാങ്ങിനൽകാനുള്ള സന്നദ്ധതയറിയിച്ചത്.
പ്ലാക്കാട് സ്വദേശിയായ അമൃത ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
അമൃത ഫോണില്ലാതെ വിഷമിക്കുന്ന കാര്യം പ്ലാക്കാട് കൃഷ്ണകൃപയിൽ സിന്ധുവാണ് ബന്ധുവായ നമിതയെ അറിയിച്ചത്. തുടർന്ന് കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാൻ ഒരുദിവസത്തിനുള്ളിൽ നമിതയുടെ നാട്ടിലുള്ള പിതാവ് മുരളീധരൻ പിള്ളയെ ഫോൺ വാങ്ങിനൽകാൻ ഏർപ്പാടാക്കുകയായിരുന്നു.
അമൃതയുടെ വീട്ടിലെത്തി മുരളീധരൻ പിള്ള ഫോൺ കൈമാറി. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, ജിഎസ് ഷിബു, അശ്വിൻ ആർ പിള്ള എന്നിവർ സംബന്ധിച്ചു.