തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവന് സ്വര്‍ണം കവര്‍ന്നതായി പരാതി. പ്രവാസിയായ ഷാനവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചക്കു മൂന്ന് മണിയോടെ ഷാനവാസിന്റെ സഹോദരന് താഹയാണ് വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്.
ഇയാള്‍ അടുത്ത വീട്ടിലാണ് താമസം. ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഓരോ പവന് തൂക്കം വരുന്ന 23 സ്വര്‍ണ നാണയങ്ങളും, അഞ്ച് പവന് തൂക്കം വരുന്ന സ്വര്‍ണ ബിസ്ക്കറ്റുമാണ് നഷ്ടപ്പെട്ടത്.
ഷാനവാസ് വിദേശത്താണ്. കുടുംബാഗങ്ങള്‍ കളമശ്ശേരിയിലെ ഫ്ലാറ്റിലാണ് താമസം. രണ്ടാഴ്ച്ച മുമ്പാണ് ഷാനവാസിന്റെ ഭാര്യയും മകനും എടവിലങ്ങിലെ വീട്ടിലെത്തി മടങ്ങിയത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.