തേഞ്ഞിപ്പലം: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന യൂണിവേഴ്സിറ്റിയിലെതാരങ്ങളായ കെടി ഇർഫാൻ, എം ശ്രീശങ്കർ, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം എന്നിവർക്ക് സർവകലാശാല അനുമോദനവും യാത്രയയപ്പും നൽകി. ചടങ്ങ് കായികമന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. അരലക്ഷം രൂപവീതം ക്യാഷ് അവാർഡ് വൈസ് ചാൻസലർ ഡോ. എംകെ ജയരാജ് സമ്മാനിച്ചു.
ഇർഫാന്റെ സഹോദരൻ ഷാജഹാൻ, ശ്രീശങ്കറിന് വേണ്ടി മുൻ അന്താരാഷ്ട്ര കായികതാരം കൂടിയായ മാതാവ് ബിജിമോൾ, നോഹയുടെ പിതാവ് ടോമിച്ചൻ, അനസിനു വേണ്ടി നോഹയുടെ സഹോദരൻ ജോയൽ എന്നിവരാണ് തുക ഏറ്റുവാങ്ങിയത്. അവസാനവർഷ ബിരുദവിദ്യാർഥിയായ ശ്രീശങ്കറിന് വേണ്ടി പ്രത്യേകമായിത്തന്നെ പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സിസി ബാബു ചടങ്ങിൽ അറിയിച്ചു.
ചടങ്ങിൽ വൈസ് ചാൻസലർ അധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ, രജിസ്ട്രാർ ഡോ. ഇകെ സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ തോമസ്, കെകെ ഹനീഫ, ഡോ. പി റഷീദ് അഹമ്മദ്, ഡോ. ജി റിജുലാൽ, ഡോ. കെപി വിനോദ് കുമാർ, യൂജിൻ മൊറേലി തുടങ്ങിയവർ പങ്കെടുത്തു.