കോട്ടക്കല്‍: ഇന്ധനവില കുതിച്ചുയരുകയാണ്. ഇതിനെതിരെ നാടെങ്ങും പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് മലപ്പുറം കോട്ടക്കലില്‍ നടന്നത്. വിവാഹദിനത്തില്‍ വരനൊപ്പം വധുവിന്റെ വീട്ടിലേക്കുവന്ന കൂട്ടുകാര്‍ക്ക് വരനും വധുവിന്റെ വീട്ടുകാരും ചേര്‍ന്ന് പെട്രോള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു വേറിട്ട പ്രതിഷേധം.
കോട്ടക്കല്‍ ഈസ്റ്റ് വില്ലൂര്‍ സ്വദേശി ഊരങ്ങാടന് വീട്ടില്‍ മുഹമ്മദ് ഷഫീഖും കുന്നുംപുറം ചെരിപ്പടിമല സ്വദേശിനി ചെറുവില്‍ വീട്ടില്‍ ജാസ്മിനും തമ്മിലുള്ള വിവാഹവേളയിലാണ് വരന്റെ കൂട്ടുകാര്‍ക്ക് വ്യത്യസ്തമായ സ്വീകരണം നല്കപ്പെട്ടത്.വരനും കൂട്ടുകാര്‍ക്കും 10 ലിറ്റര്‍ പെട്രോളാണ് സമ്മാനിച്ചത്.
പെട്രോള്‍ ലിറ്ററിന് 102 രൂപ 41 പൈസ വിലയുള്ളതില്‍ പ്രതിഷേധിക്കുകയും കൂട്ടുകാര്‍ക്ക് വേറിട്ട സമ്മാനം നല്‍കുക എന്നതുമായിരുന്നു ഉദ്ദേശമെന്ന് വരന് പറഞ്ഞു.ഇന്ത്യയില്‍ നിന്ന് വിതരണം ചെയ്യപ്പെടുന്ന പെട്രോള്‍ വില്‍പ്പന നടത്തുന്ന നേപ്പാള്‍ പോലുള്ള അയല്‍ രാജ്യങ്ങളില്‍പോലും ഇന്ത്യയിലുള്ളത് പോലെ നൂറ് കടന്ന റീട്ടെയില്‍ വിലയില്ലെന്നും വരന് ഷഫീക് പറഞ്ഞു. ഇന്ധനവിലവര്‍ധനവിനെതിരെ കല്ല്യാണ വീട്ടിലെ പ്രതിഷേധം മാധ്യമങ്ങളില്‍ നിറയുകയാണ്.