നെയ്യാറ്റിൻകര: പൊളിഞ്ഞുവീഴാറായ വീട്ടിൽ ദിവസങ്ങൾ തള്ളി നീക്കുകയായിരുന്ന നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി യൂത്ത് കോൺഗ്രസ്. അതിയന്നൂർ പഞ്ചായത്തിലെ മോഹനൻ, ലീല ദമ്പതികൾക്കാണ് വീട് കൈമാറിയത്. യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പദ്ധതിപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സിന്റെ നേതൃത്വത്തിലാണ് ഇവർക്കായി പുതിയ വീട് നിർമ്മിച്ചു നൽകിയത്.
അടച്ചുറപ്പില്ലാത്ത തകർന്നു വീഴാറായ കൂരയിലായിരുന്നു മോഹനനും കുടുംബവും താമസിച്ചിരുന്നത്. ഈ വർഷം ജനുവരിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ വീടിനു തറക്കല്ലിട്ടത്. പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.
താക്കോൽദാനച്ചടങ്ങിൽ നിനോ അലക്സ് അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി മുഖ്യാതിഥിയായി. കമുകിൻകോട് ഇടവക വികാരി ഫാ. ജോയ് മത്യാസ്, കെപിസിസി സെക്രട്ടറി എസ്കെ അശോക് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, ജില്ലാ ജനറൽ സെക്രട്ടറി വിആർ പ്രമോദ്, രാജേന്ദ്രൻനായർ, വിപി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.