പയ്യോളി: കഴിഞ്ഞദിവസമായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷഫലം പുറത്തുവന്നത്. പരീക്ഷയിലെ വിജയം ആഘോഷിക്കാന്‍ നാഫിയ ഇല്ലാത്തതിന്റെ വേദനയിലാണ് ഉറ്റവരും സുഹൃത്തുക്കളും. പരീക്ഷഫലം വരുന്നത് കാത്തുനില്‍ക്കാതെ നഗരസഭയിലെ ഇരുപത്തിയഞ്ചാം ഡിവിഷനില്‍ സായ്വിന്റെ കാട്ടില്‍ മെഹബൂബിന്റെയും വഹീദയുടെയും മകള്‍ ഫാത്തിമ നാഫിയ (16) വിടവാങ്ങിയിരുന്നു.
കഴിഞ്ഞ മേയ് 24നാണ് നാഫിയ മരണപ്പെട്ടത്. ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച ഫലം വന്നപ്പോള്‍ നാഫിയ ഉപരിപഠനത്തിന് അര്‍ഹയായ വാര്‍ത്ത കേട്ടപ്പോള്‍ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അടക്കാനാവാത്ത തേങ്ങലായി മാറുകയായിരുന്നു.
കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ് നാഫിയ. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയ നാഫിയ മൂന്ന് എ പ്ലസുകളടക്കമാണ് ഉപരിപഠന യോഗ്യത നേടിയത്. പഠിച്ച് ജോലി വാങ്ങണമെന്നായിരുന്നു നാഫിയയുടെ ആഗ്രഹം . എന്നാല്‍ അതിനുമുമ്പേ അവളെ വിധി തട്ടിയെടുത്തു.