നന്നായി പഠിക്കാന്‍ എന്നും പ്രോത്സാഹിപ്പിച്ച അച്ഛന് എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ കൂടെയില്ലല്ലോ എന്ന സങ്കടമാണ് ദേവികയ്ക്ക്. അച്ഛന്റെ ആഗ്രഹം പോലെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ദേവിക വിജയിച്ചത്.
ദേവികയുടെ അച്ഛന് ഓട്ടോ ഡ്രൈവറായിരുന്ന പെരിങ്ങര മാരാന്പറമ്പില് രമേശന് കോവിഡ് ബാധിച്ചാണ് മരിച്ചത്. ഏപ്രില്‍ അഞ്ചിനാണ് രമേശിന് കോവിഡ് സ്ഥിരീകരിച്ചത്. 7നു ഭാര്യ ജ്യോതിയും മകള്‍ ദേവികയും കോവിഡ് പോസിറ്റീവായി. പിറ്റേദിവസം 8ന് എസ്എസ്എല്‍സി പരീക്ഷ തുടങ്ങി.
പിപിഇ കിറ്റും ധരിച്ച് ഒറ്റയ്ക്ക് ഒരു ക്ലാസ് മുറിയിലിരുന്നാണു ദേവിക പരീക്ഷ എഴുതിയത്. സഹോദരന് ഗോപുവാണ് സ്കൂട്ടറില്‍ എല്ലാ ദിവസവും പരീക്ഷയ്ക്കു കൊണ്ടുപോയത്. 12നു രാവിലെ രമേശ് മരിച്ചു. അന്നും ദേവിക പരീക്ഷ എഴുതി. തിരികെ വീട്ടിലെത്തി സംസ്കാരച്ചടങ്ങുകളില്‍ പങ്കുകൊണ്ടു.
അധ്യാപകര്‍ നല്കിയ പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് ദേവിക പറയുന്നു. ഫോണിലൂടെ എപ്പോഴും വിളിച്ച് സംശയങ്ങള്‍ തീര്‍ക്കുകയും പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുമായിരുന്നു. പരീക്ഷാ സമയത്ത് പ്രധാനധ്യാപകന് റജി കെ.മാത്യു പിപിഇ കിറ്റും ധരിച്ച് അടുത്തെത്തി ധൈര്യം തന്നതു മറക്കാനാവില്ല.
ദേവികയെ നഴ്സ് ആയി കാണാനാണ് പിതാവ് ആഗ്രഹിച്ചത്. ആ ആഗ്രഹം എപ്പോഴും മകളെ ഓര്‍മിപ്പിക്കുമായിരുന്നു. അച്ഛന്റെ ആഗ്രഹം സത്യമാക്കുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നും ഇനിയും നന്നായി പഠിക്കുമെന്നും ദേവിക പറയുന്നു.