തൃശ്ശൂർ: രാജ്യത്ത് തന്നെ ആദ്യമായി കോവിഡ്19 രോഗം സ്ഥിരീകരിച്ച പെൺകുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന തൃശ്ശൂർ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല.
അതേസമയം, പെൺകുട്ടിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവർ ഡൽഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. വുഹാനിൽ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കൽ പഠനത്തിലായിരുന്ന പെൺകുട്ടി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവരുടെ കൂടെ വന്ന മറ്റ് രണ്ടുപേർക്കുകൂടി പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.