പൊന്‍കുന്നം: കാറിടിച്ച് കിണറ്റില്‍ വീണ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുമുറ്റത്തെ ഷെഡില്‍ നിന്നെടുത്ത കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കിണറിന്റെ ഭിത്തിയിടിച്ചതോടെയാണ് കിണര്വക്കത്തിരുന്ന രണ്ടുകുട്ടികള്‍ കിണറ്റിലേക്ക് വീണത്.
തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. പനമറ്റം ഇലവനാല്‍ മുഹമ്മദ് ഷബീര്‍ വീട്ടുമുറ്റത്തെ ഷെഡില്‍നിന്ന് കാര്‍ പുറത്തേക്കിറക്കവേ അബദ്ധത്തില്‍ അമിതവേഗത്തില്‍ നീങ്ങുകയായിരുന്നു. ഭിത്തി തകര്‍ത്ത കാര്‍ കിണറിന്റെ വക്കില്‍ തങ്ങി നിന്നു.
ഈ സമയം ഷബീറിന്റെ മകള്‍ ഷിഫാന (14), ഷബീറിന്റെ അനുജന് സത്താറിന്റെ മകന് മുഫസിന്‍ (നാലര) എന്നിവര്‍ ഇരുമ്പുവലയിട്ട കിണറിന്റെ ഭിത്തിയില്‍ ഇരിക്കുകയായിരുന്നു. 32 അടി ആഴമുള്ള കിണറില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. കാറിന്റെ വലതുവശത്തെ മുന്‍ചക്രം കിണറിന്റെ നടുവിലായി താഴേക്ക് പതിക്കാതെ തട്ടി നിന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ മുഹമ്മദ് ഷബീറിന്റെ ജ്യേഷ്ഠന് ഇ.ജെ. സക്കീര്‍ ഹുസൈന് മൗലവി കിണറ്റിലേക്ക് ഇറങ്ങി കുട്ടികളെ വെള്ളത്തില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി. ഇതിനിടെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഷബീര്‍ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി.
തുടര്‍ന്ന് കസേര കെട്ടിയിറക്കി ഷിഫാനയെ കരയിലെത്തിച്ചു. സക്കീര്‍ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂനിറ്റ് വലയില്‍ കയറ്റിയാണ് കരയിലെത്തിച്ചത്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും പരിക്കുകളില്ലാത്തതിനാല്‍ വിട്ടയച്ചു.