ആലപ്പുഴ; ഏഴു വയസുകാരിയായ മകള്‍ക്ക് അച്ഛന്റെ ക്രൂര മര്‍ദനം. ആലപ്പുഴ ജില്ലയിലാണ് സംഭവം. അമ്മയെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ചതിനിടെയാണ് അച്ഛന് കുട്ടിയെ മര്‍ദിച്ചത്. തലയ്ക്കു പൊട്ടലും ആന്തരിക രക്തസ്രാവവുമുള്ള കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഇതു തടയാനെത്തിയ കുട്ടിയെ കരണത്തടിക്കുകയും കാലില്‍ പിടിച്ച് നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായ പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.
ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണത്തിനു ശേഷമേ, ശസ്ത്രക്രിയ വേണോ എന്ന കാര്യം തീരുമാനിക്കൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛനെതിരെ കരീലക്കുളങ്ങര പൊലീസ് വധശ്രമത്തിനു കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ചു പതിവായി ഭാര്യയുമായി വഴക്കിടുന്നുവെന്ന പരാതിയില്‍ മുന്‍പ് കരീലക്കുളങ്ങര പൊലീസ് ഇയാളെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീതു ചെയ്തിട്ടുണ്ട്. വീണ്ടും പ്രശ്നം തുടര്‍ന്നതോടെ ഭാര്യയും മക്കളും വാടകവീട്ടിലേക്കു മാറി. പിന്നീട് ഇയാളും ഈ വീട്ടില്‍ താമസമാക്കുകയായിരുന്നു.