കൊല്ലം: ഭര്‍തൃവീട്ടിലെ പീഡനത്തില്‍ മനംനൊന്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം മരുത്തടി കന്നിമേല്‍ചേരി പുളിഞ്ചിക്കല്‍ വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജ ആണു മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
അനുജയെ കഴിഞ്ഞ 30നു രാത്രിയാണ് തൂങ്ങിയനിലയില്‍ കണ്ടത്. ഗുരുതരമായി പരുക്കേറ്റ അനുജയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചു.
കഴിഞ്ഞ ഡിസംബറിലായിരുന്നു സതീഷും അനുജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനുശേഷം ഭര്‍തൃമാതാവ് സുനിജ അപമര്യാദയായി പെരുമാറിയിരുന്നതായി അനുജ വീട്ടുകാരോടു പറഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദിവസം അനുജയും സതീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തുടര്‍ന്ന്, അനുജ മുറിയില്‍ കയറി കതക് അടച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുജ വാതില്‍ അടച്ച് ഇരിക്കുമെന്നതിനാല്‍ ആദ്യം ശ്രദ്ധിച്ചില്ല. പിന്നീട്, രാത്രിയോടെ കതകില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്നു ജനല്‍ വഴി നോക്കുമ്പോഴാണു തൂങ്ങി നില്ക്കുന്നതായി കണ്ടതെന്നു പറയുന്നു.
ഉടന്‍ കതക് പൊളിച്ചു അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കുടുംബ വീടായ ശക്തികുളങ്ങര പണ്ടാഴതെക്കതില്‍ വീട്ടില്‍ എത്തിച്ചശേഷം മുളങ്കാടകം ശ്മശാനത്തില്‍ സംസ്കാരം നടത്തി. ഭര്‍ത്യമാതാവിന്റെ പീഡനമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു കാട്ടി അനുജയുടെ പിതാവ് അനില്‍കുമാര്‍ ശക്തികുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സതീഷിന്റെ മാതാവ് സുനിജയ്ക്കെതിരെ ശക്തികുളങ്ങര പൊലീസ് ഗാര്‍ഹിക പീഡനത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയാണ്.