ചേര്‍ത്തല: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിടെയാണ് കൂവി എന്ന വളര്‍ത്തുനായ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. പെട്ടിമുടി ദുരന്തഭൂമിയില്‍ നിന്നു തന്റെ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കുവി ശ്രദ്ധേയയായത്.
സുമനസ്സുകളുടെ തണലിലെത്തിയ കൂവി ഇപ്പോള്‍ അമ്മയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് 3 കുഞ്ഞുങ്ങളെ പ്രസവിച്ചത്. കൈമാറ്റങ്ങള്‍ക്കൊടുവില്‍ രണ്ടാഴ്ച മുന്‍പാണ് കുവി ചേര്‍ത്തലയിലെത്തിയത്. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകന് ചേര്‍ത്തല കൃഷ്ണകൃപയില്‍ അജിത് മാധവനാണ് കുവിയെ ഏറ്റെടുത്തത്.
പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ഒറ്റപ്പെട്ടുപോയ കൂവി ഭക്ഷണം കഴിക്കാതെ നടന്നിരുന്നു. കുവിയെ ഇണക്കിയെടുത്തത് അജിത്തായിരുന്നു. അജിത്തിന് ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇടുക്കി ഡോഗ് സ്ക്വാഡ് കുവിയെ ദത്തെടുത്തു.
അവിടെയും പരിശീലിപ്പിച്ചത് അജിത് തന്നെ. പിന്നീട് ധനുഷ്കയുടെ ബന്ധുക്കള്‍ക്കു കൈമാറി. ഗര്‍ഭിണിയായ കുവി ഭക്ഷണം കഴിക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ, രണ്ടാഴ്ച മുന്‍പ് ധനുഷ്കയുടെ ബന്ധുക്കള്‍ വിവരമറിയിക്കുകയും അജിത് എത്തി ഏറ്റെടുക്കുകയുമായിരുന്നു.