വെള്ളരിക്കുണ്ട് : കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കാസർകോട്ടെ കാറ്ററേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ സമരം. ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലയ്ക്ക് മുന്നിൽ കാറ്ററേഴ്സ് അസോസിയേഷൻ അടുപ്പുകൂട്ടി നിൽപ്പുസമരം നടത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി ഭക്ഷണവിതരണം നടത്താൻ അനുമതിനൽകുക, ഓഡിറ്റോറിയങ്ങളിൽ വിവാഹച്ചടങ്ങുകൾക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിപാടി. ഗ്യാസ് അടുപ്പ് കത്തിച്ച് കാലിയായ പാത്രം അടുപ്പിൽവെച്ചായിരുന്നു സമരം.
ജില്ലാ പ്രസിഡന്റ് പി.എം.മൂസ ഉദ്ഘാടനംചെയ്തു. സജി റോയൽ അധ്യക്ഷനായിരുന്നു. ട്രഷറർ വിമൽകുമാർ, ടോം ജോസഫ്, വി.വി.രാജീവൻ, പത്രോസ് ജോൺ, ദിനേശൻ പാവൂർ, പി സുധീപ്, എ അബൂബക്കർ, മനോജ് മടിക്കൈ, പി ഗംഗാധരൻ എന്നിവർ സംസാരിച്ചു.