ആലപ്പുഴ: സഹായിക്കാന്‍ ആരും ഇല്ലാതായതോടെ കൊവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ച് മാന്നാര്‍ പോലീസ്. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോണ്‍ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല് അക്ബര്‍, ജഗദീഷ് എന്നിവരാണ് കുഞ്ഞിനും ദമ്പതികള്‍ക്കും രക്ഷകരായത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ യാണ് സംഭവം. കുഞ്ഞിനേയും കൊവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെയും പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബുധനൂരില്‍ നിന്നും പട്രോളിംഗ് കഴിഞ്ഞു വരുന്ന വഴിയാണ് പൊലീസ് സംഘം റോഡരികില്‍ കൈക്കുഞ്ഞുമായി വാഹനങ്ങള്‍ക്ക് കൈകാട്ടി നില്ക്കുന്ന ദമ്പതികളെ കണ്ടത്.
കായംകുളം – തിരുവല്ല സംസ്ഥാന പാതയില്‍ സ്റ്റോര്‍ മുക്കില്‍ റോഡരികില്‍ നില്ക്കുന്ന ഇവര്‍ വാഹനങ്ങള്‍ക്കെല്ലാം കൈകാട്ടുന്നുണ്ടായിരുന്നു. എന്നാല്‍, ആരും വാഹനം നിര്‍ത്തുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല. അവരോട് പൊലീസ് സംഘം വിവരം തിരക്കിയപ്പോഴാണ് അറിയുന്നത് ദമ്പതികള്‍ കൊവിഡ് പോസിറ്റിവാവാണെന്ന്.
അവരുടെ കുഞ്ഞിനാകട്ടെ, ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ട്. എങ്ങനെയെങ്കിലും എത്രയും വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. ഉടനെ, എന്തും വരട്ടെയെന്ന ദൃഢനിശ്ചയത്തോടെ മൂവരെയും, പൊലീസ് ജീപ്പില്‍ കയറ്റി സമീപത്തുള്ള പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന് ആശുപത്രിയില്‍ എത്തിച്ചു.
കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച പൊലീസ് സംഘം ഇപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. പോലീസുകാരുടെ നന്മ നിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.