കണ്ണൂര്‍: കേരളം ഒറ്റക്കെട്ടായി നിന്ന് ഒന്നരവയസ്സുകാരന് മുഹമ്മദിന്റെ ചികിത്സയ്ക്കായി 18കോടി സ്വരൂപിച്ച വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. മലയാളികള്‍ സോഷ്യല്‍മീഡിയയിലൂടെ കൈകോര്‍ത്ത് മുഹമ്മദിന്റെ ഉമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18 കോടി എത്തിച്ചതോടെ ഇനി മുഹമ്മദിന്റെ ചികിത്സ മുടങ്ങുമെന്ന ഭയമില്ല.
എസ്എംഎ അസുഖത്തിനുള്ള മരുന്നായ 18 കോടി വിലവരുന്ന അത്യപൂര്‍വ്വ മരുന്നിനായി മുഹമ്മദിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച സഹോദരി അഫ്രയുടെ വാക്കുകള്‍ ഉള്ളില്‍ തട്ടിയതു കൊണ്ടു കൂടിയാണ് മലയാളികള്‍ കൈയ്യും മെയ്യും മറന്ന് ഒറ്റക്കെട്ടായി നിന്ന് പണം സ്വരൂപിച്ചത്.
ഇതിനിടെ മുഹമ്മദിന്റെ അതേരോഗം ബാധിച്ച സഹോദരി അഫ്രയെ കൈവിടാതെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ‘എന്റെ കാര്യം നോക്കേണ്ട, അനിയനെ നോക്കണം. അവന് മരുന്ന് എത്തിക്കണം’ എന്ന സഹോദരി അഫ്രയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അവളുടെ വാക്കുകളും അനിയനുവേണ്ടിയുള്ള അഭ്യര്‍ത്ഥനയും മലയാളി ഹൃദയം കൊണ്ട് കേട്ടു എന്നതിന് ഉദാഹരണമാണ് വെറും 7 ദിവസം കൊണ്ട് 18 കോടി അക്കൗണ്ടിലെത്തിയത്. സഹോദരി അഫ്രയ്ക്കുള്ള ചികിത്സാചെലവ് ഏറ്റെടുക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
അഫ്രയുടെ ഓപ്പറേഷന് നടത്തുമെന്ന് മുഹമ്മദിന്റെ ചികിത്സ സഹായത്തിനായി രൂപീകരിച്ച കമ്മിറ്റി വ്യക്തമാക്കി. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ പെണ്‍കുട്ടി. പക്ഷേ 18 കോടിയുടെ മരുന്ന് അഫ്രയ്ക്ക് ഗുണം ചെയ്യില്ല. രണ്ട് വയസിനുള്ളില്‍ ഈ മരുന്ന് നല്കിയാല് മാത്രമാണ് ഫലമുണ്ടാവുക. ഇനി തുടര്‍ ചികില്‍സകള്‍ മാത്രമാണ് അഫ്രയ്ക്ക് നല്കാന് കഴിയുക. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സാ കമ്മിറ്റിയും നാട്ടുകാരും.