വണ്ടിപ്പെരിയാര്‍: 6 വയസ്സുകാരി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചുരക്കുളം എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ തന്നെ അര്ജുന് (22) എന്ന യുവാവിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിടെ ബോധരഹിതയായ ആറു വയസ്സുകാരിയെ പ്രതി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 30നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തല്‍.
എന്നാല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പെണ്‍കുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അര്ജുന് പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഇയാള്‍ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ സൂചനകള്‍.
പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് പറഞ്ഞു. 30ന് അര്ജുന് വീട്ടില്‍ എത്തി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു.
അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാള്‍ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ സംഭവം പുറത്തുവന്നത്.