കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിനെ രക്ഷിക്കാന്‍ അഡ്വ.ബി എ ആളൂര്‍ എത്തുന്നു. കേസ് നടപടികള്‍ക്കായി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി കിരണിന്റെ പിതാവ് സദാശിവന് പറഞ്ഞു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് ചാര്‍ജ്ജുചെയ്ത കേസ്സില്‍ അറസ്റ്റിലായ കിരണ്‍ കുമാറിനുവേണ്ടി ഇന്ന് ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വ.ബി എ ആളൂര്‍ അറിയിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയര്‍ന്ന പ്രധാന ആരോപണം.
ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളില്‍ ചിലത് കിരണിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതുമായിരുന്നു. ഈ സമയം കിരണ്‍ വീട്ടില്‍ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു.
പൊലീസ് കേസിനൊപ്പം സര്‍ക്കാര്‍ നടപടിക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ അടുത്ത ബന്ധുക്കള്‍ നിയമോപദേശം തേടിയതായും ആളൂര്‍ അറിയിച്ചു. കേസില്‍ ഇപ്പോള്‍ ചാര്‍ജ്ജുചെയ്തിട്ടുള്ളത് ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകള്‍ പ്രകാരം കിരണ്‍ കുമാറിനെ കൊലപാതക കേസ്സില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാരനായ കിരണ്‍ കേസില്‍ കുടുങ്ങിയതോടെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടില്‍ ലഭിച്ചിരുന്നു.