കൊച്ചി: കന്യാസ്ത്രീയെ ലൈംഗിക ചൂഷണം ചെയ്തു വെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കസ്റ്റഡിയിലെടുത്തേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മുളയ്ക്കല്‍ നിരത്തുന്ന വാദങ്ങളെ തെളിവുകളും മൊഴികളും ഖണ്ഡിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റിലേയ്ക്ക് വഴിവെയ്ക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാനായുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. നാല് കന്യാസ്ത്രീകളാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ ചേദ്യം ചെയ്യുക. എന്നാല്‍ എവിടെവെച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കുകയായിരുന്നു. ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് മാസത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന പ്രാര്‍ത്ഥന പരിപാടിയില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞതായി നാല് വൈദികര്‍ മൊഴി നല്‍കിയതായാണ് വിവരം.
കന്യാസ്ത്രീകളെ ഏറെ വൈകിയും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നതായും വിവരമുണ്ട്. ബിഷപ്പ് ഹൗസിനടുത്തുള്ള പാസ്റ്ററല്‍ സെന്ററിലാണ് പ്രാര്‍ത്ഥനായജ്ഞം നടത്തിയിരുന്നത്. ഇവിടെ ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.