ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുചിത്രയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. സൈനികനായ ഭര്‍ത്താവ് വിഷ്ണുവിന്റെ വള്ളിക്കുന്നത്തെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു 19 വയസ്സുകാരി സുചിത്രയുടെ മൃതദേഹം കണ്ടെത്തിയത്.
സുചിത്ര ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. കൊല്ലത്തെ വിസ്മയയുടെ മരണവാര്‍ത്ത കണ്ടു വിളിച്ചപ്പോഴും അങ്ങനെയൊന്നും ചെയ്യില്ലെന്നും ഭര്‍ത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.
കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള് വച്ച് കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം. ഇതിലാണ് കുടുംബത്തിന്റെ സംശയം. എന്നാല്‍, സുചിത്രയുടേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷ്ണുവിന് നേരത്തേ ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയിരുന്നു.
കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്തശേഷം 80 പവന് സ്വര്‍ണവും 10 ലക്ഷം രൂപയും സ്ത്രീധനം ആവശ്യപ്പെട്ടതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
സുചിത്രയുടെ പിതാവും സൈനികനാണ്. സുചിത്രയുടെ മരണത്തിന് പിന്നാലെ ലഡാക്കിലെ ഓഫിസര്‍ കമാന്‍ഡിനും, വിഷ്ണു ജോലി ചെയ്യുന്ന സ്ഥലത്തെ കമാന്‍ഡിങ് ഓഫിസര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.