കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകളെ ബിയര്‍ കുടിപ്പിച്ച പിതാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനാണ് അറസ്റ്റിലായത്. ബിയര്‍ കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
വീട്ടില്‍വെച്ചാണ് പിതാവ് മകള്‍ക്ക് ബിയര്‍ നല്‍കിയത്. ബിയര്‍ കുടിച്ചതോടെ കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായി. ബന്ധുക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതും പിതാവിനെ അറസ്റ്റ് ചെയ്തതും. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം,ഒരു കുട്ടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ക്ഷേമത്തിനും ഭീഷണിയാകുന്നതും, ദീര്‍ഘകാലം അവരുടെ ശാരീരികമോ മാനസികമോ സാമൂഹ്യമായോ ആയ ആരോഗ്യത്തെ ബാധിക്കുന്നതുമായ പ്രവൃത്തികളോ വീഴ്ചകളോ ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അതിനെ ആ കുട്ടിയ്ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്.