ചെങ്ങന്നൂര്‍: കോവിഡ് കവര്‍ന്നെടുത്ത അമ്മയുടെ വിയോഗത്തില്‍ മനംനൊന്തു കഴിയുന്ന കുഞ്ഞു ശ്രേയയ്ക്ക് ആശ്വാസമേകി മന്ത്രി സജി ചെറിയാന് വീട്ടിലെത്തി. നാലാം ക്ലാസ് വിദ്യര്‍ത്ഥിനിയാണ് ശ്രേയ. ശ്രേയയുടെ മാതാവ് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരിയില് നാരായണസദനത്തില്‍ ആശാ കുമാര്‍ കുവൈറ്റില്‍ നഴ്സ് ആയി ജോലി നോക്കവേ കഴിഞ്ഞ മെയ് 20 നു കോവിഡ് ബാധിതയായി മരണപ്പെടുകയായിരുന്നു.
ശ്രേയയുടെ സഹോദരി ശ്രേഷ്മ, പിതാവ് ശ്യാമിനോടൊപ്പം കുവൈറ്റിലാണ്. ആശയുടെ മാതാപിതാക്കളായ കെ.എന്‍. കുമാരന്റെയും രാധാമണിയുടെയും കൂടെയാണ് ഇപ്പോള്‍, ശ്രേയ കഴിയുന്നത്. കുവൈറ്റില്‍ ആശ ജോലി ചെയ്ത സ്ഥാപനവുമായി ബന്ധപ്പെട്ടു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്നു ഉറപ്പ് നല്കിയ ശേഷമാണ് മന്ത്രിയുടെ മടക്കം. രാധാമണിയുടെ തുടര്‍ചികിത്സയ്ക്കു കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തി.