തൃശ്ശൂര്‍: ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയര്‍ത്ത് സംസാരിച്ച വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എംസി ജോസഫൈനിനെ വിമര്‍ശിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഭര്‍ത്താവും അമ്മായിഅമ്മയും പീഡിപ്പിക്കുന്നു എന്ന് പറയാന്‍ വേണ്ടി വിളിക്കുന്ന ഒരു സ്ത്രീയോട്, ‘ആരോടെങ്കിലും പരാതിപ്പെട്ടോ? ഇല്ലെങ്കില്‍ ‘അനുഭവിച്ചോ’…’ എന്ന് പറയാനൊരു വനിത കമ്മീഷന് അദ്ധ്യക്ഷ എന്തിനാണ് ഇവിടെ? എന്ന് ചോദിക്കുകയാണ് ഡോ ഷിംന അസീസ്.
ആ കോള്‍ തുടങ്ങുമ്പോള്‍ മുതല്‍ എം.സി.ജോസഫൈന് ചൊറിച്ചിലാണ്. ‘പറ, കേള്‍ക്കുന്നില്ല’ എന്നൊക്കെ പറയുന്നത് കേട്ടാല്‍ അറപ്പും ഈര്‍ഷ്യയുമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. ഇത്രക്ക് സ്ത്രീവിരുദ്ധയായ ഒരുവളെ ആ കസേരയില്‍ നിന്ന് തൂക്കിയെടുത്ത് ദൂരെക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്യാണ്.
ഭര്‍ത്താവും അമ്മായിഅമ്മയും പീഡിപ്പിക്കുന്നു എന്ന് പറയാന്‍ വേണ്ടി വിളിക്കുന്ന ഒരു സ്ത്രീയോട്, ‘ആരോടെങ്കിലും പരാതിപ്പെട്ടോ? ഇല്ലെങ്കില്‍ ‘അനുഭവിച്ചോ’…’ എന്ന് പറയാനൊരു വനിത കമ്മീഷന് അദ്ധ്യക്ഷ എന്തിനാണ് ഇവിടെ?
ആ കോള്‍ തുടങ്ങുമ്പോള്‍ മുതല്‍ എം.സി.ജോസഫൈന് ചൊറിച്ചിലാണ്. ‘പറ, കേള്‍ക്കുന്നില്ല’ എന്നൊക്കെ പറയുന്നത് കേട്ടാല്‍ അറപ്പും ഈര്‍ഷ്യയുമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. ഇത്രക്ക് സ്ത്രീവിരുദ്ധയായ ഒരുവളെ ആ കസേരയില്‍ നിന്ന് തൂക്കിയെടുത്ത് ദൂരെക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെണ്ണിനെ മനസ്സിലാക്കാന്‍ പോയിട്ട് മനുഷ്യത്വം പോലും ആ മുഖത്തെ ഒരു രോമകൂപത്തില്‍ പോലും കാണാനില്ല.
ഒരാവശ്യത്തിന് പോലീസ് സ്റ്റേഷനെ സമീപിച്ചാല്‍ ”അഡ്ജസ്റ്റ് ചെയ്യ് മോളേ, ശര്യാവും കുട്ടീ.. കുട്ടികളുടെ അച്ഛനല്ലേ’ന്ന് പറയും. വനിത കമ്മീഷനോട് പറയാന്ന് വെച്ചാല്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടോ’ എന്ന് പറയും, പരാതിപ്പെടുന്നതിനെ പോലും നിരുത്സാഹപ്പെടുത്തലും, രേഖ മുക്കലും, ആണ് സ്വാധീനങ്ങളും ആണ്‍ലോകവും…
പെണ്ണിന് നീതി കിട്ടിയത് തന്നെ ‘വനിതാകമ്മീഷന് അദ്ധ്യക്ഷയോട് വിശദീകരണം തേടുക’ എന്ന അവര്‍ പാടേ തകര്‍ന്ന് പോയേക്കാവുന്ന വന്‍ശിക്ഷ വിധിക്കാതെ, ക്യാമറ മുന്നിലുണ്ടായിട്ട് പോലും ഇജ്ജാതി പെര്‍ഫോമന്‍സ് കാഴ്ച വെച്ച എം.സി.ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സ്ത്രീപക്ഷത്തോടൊപ്പം നിന്ന് സര്‍ക്കാര്‍ മാതൃക കാണിക്കണമെന്ന് അപേക്ഷിക്കുന്നു.
വനിതകളുടെ തലൈവി പോലും. എന്താണോ, എന്തിനാണോ
Dr. Shimna Azeez