കോഴിക്കോട്: മകനെ കാണാതായി രണ്ടര വര്‍ഷത്തോളം വിഷമത്തിലായിരിക്കുന്ന ഡല്‍ഹിയിലെ മാതാപിതാക്കളെ തേടി കേരളത്തില്‍ നിന്നും ആ നല്ല വാര്‍ത്ത എത്തി. സംസാരശേഷിയില്ലാത്ത കുട്ടി കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ സുഖമായിരിക്കുന്നു. കുട്ടിയുടെ കയ്യില്‍ കണ്ട ടാറ്റുവിനെ പിന്തുടര്ന്ന് നടത്തിയ അന്വേഷണമാണ് ഡല്‍ഹിയിലുള്ള കുടുംബത്തെ കണ്ടെത്താന്‍ വഴിതുറന്നത്.
ജൂണ്‍ 14നാണ് ആരോരുമില്ലെന്ന് കരുതിയ മോണ്ടിയെന്ന കുട്ടിയെ കോഴിക്കോട് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ പ്രിയപ്പെട്ടവരെ ഒരാഴ്ചകൊണ്ട് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. ബച്പന്‍ ബചാവോ ആന്ദോളന് (ബി.ബി.എ.) കേരളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.
കോഴിക്കോട് കളക്ടറാണ് മോണ്ടിയുടെ കഥ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഡല്‍ഹിയില്‍ ഓട്ടോഡ്രൈവറായ പുരംചന്ദിന്റെ മകനാണ് മോണ്ടി. റെയില്‍വേ സ്റ്റേഷന് സമീപമാണ് ഇവരുടെ വീട്. 2018 സെപ്റ്റംബര്‍ 10നാണ് കുട്ടിയെ കാണാതായത്.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയും കുട്ടിയുടെ ഫോട്ടോവെച്ച് അന്വേഷണം നടത്തുകയുംചെയ്തു. കുട്ടിയെ കാണാതായി രണ്ടര വര്‍ഷം സങ്കടവുമായിരിക്കുമ്പോഴാണ് കേരളത്തില്‍ നിന്നും ആ നല്ല വാര്‍ത്ത അവരെ തേടിയെത്തിയത്. വിവരമറിഞ്ഞ് കാഴിക്കോട് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയ മാതാവ് കണ്ണീരോടെ അവനെ ചേര്‍ത്തുപിടിച്ചു.
കോഴിക്കോട് കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് –
കയ്യിലെ ടാറ്റു വിളിച്ചു അമ്മ ഓടിയെത്തി സംസാരശേഷിയില്ലാത്ത മോണ്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാന്‍….. ജൂണ്‍ 14ന് കോഴിക്കോട് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട സംസാരശേഷിയില്ലാത്ത കുട്ടിയെകുറിച്ച് അവ്യക്തമായി പച്ച കുത്തിയതല്ലാതെ ഒരു വിവരവും ലഭ്യമായിരുന്നില്ല. എന്നിരുന്നാലും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ബോയ്സ് ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരും ബി. ബി. എ. ടീമും നടത്തിയ തുല്യതയില്ലാത്ത ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്.
ടാറ്റൂ വായിച്ച ചില്‍ഡ്രന്‍സ് ഹോം ചൈല് വെല്‍ഫയര്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷറഫ് കുട്ടിയുടെ പേര് മോണ്ടി എന്നാണെന്നു തിരിച്ചറിഞ്ഞു. ഈ വിവരം ബച്പന്‍ ബചാവോ ആന്ദോളന് കേരള കോ ഓര്‍ഡിനേറ്റര്‍ ശ്രീ പ്രസ്രീന്‍ കുന്നപ്പള്ളി യെ അറിയിച്ചു. കൂടാതെ സക്കര്‍പുര്‍ എന്നും എഴുതിയിട്ടുണ്ടെന്നും അങ്ങനെ ഒരു സ്ഥലം ഡല്ഹിയിലുണ്ടെന്നുംമനസ്സിലാക്കിയ അവര്‍ ഡല്‍ഹിയില്‍ അന്വേഷിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ഇന്റര്‍നെറ്റില്‍ ഡല്‍ഹി പരിസരത്തു സക്കര്‍പുര്‍ എന്ന സ്ഥലംകണ്ടപ്പോള്‍ അതിനടുത് പ്രസിദ്ധമായ ഹ്യൂമയോണ്‍ ടോംബ്കൂടി കണ്ട ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാര്‍ കുട്ടിയെ മറ്റു പല ഫോട്ടോകള്‍ക്കിടയില്‍ ഹ്യൂമയുണ്‍ ടോമ്പിന്റെ ഫോട്ടോ കൂടി ഫോണില്‍ കാണിച്ചു കുട്ടിയുടെ പ്രതികരണം വിലയിരുത്തി….
ഡല്‍ഹിയിലെ ബി. ബി. എ. ടീം ഡയരക്ടര്‍ മനീഷ് ശര്‍മ വഴി ബി. ബി. എ. ടീം നടത്തിയ അന്വേഷണത്തില്‍ ശക്കര്‍പുര്‍ പ്രദേശത്തുള്ള ഒരു ഓട്ടോ ഡ്രൈവറുടെ മകനാണ് സംസാരിക്കാന്‍ കഴിയാത്ത മോണ്ടി എന്ന് തിരിച്ചറിഞ്ഞു
കുട്ടി 2102018 നു കാണാതായതാണെന്നും സുഭാഷ് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അന്വേഷിച്ചറിഞ്ഞു…. സംസാരിക്കാത്ത കുട്ടിയെ കയ്യില്‍ പച്ച കുത്തിയ അവ്യക്തമായ ഒരു സ്ഥലപ്പേര് മാത്രം ഉപയോഗിച്ച് കണ്ടെത്തുന്നതിനു ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരും ബി. ബി. എ. ടീം അംഗങ്ങളും കൂട്ടായി നടത്തിയ അനിതര സാധാരണമായ ശ്രമത്തിനൊടുവിലാണ് രണ്ടു വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനു വഴിയൊരുക്കിയത്.
കൂട്ടായ പ്രവര്‍ത്തനം വിജയം കൊണ്ടുവരുമെന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇത്. കുട്ടിയെ കണ്ടെത്തിയ റെയില്‍വേ പോലീസ്, കുട്ടിയെ സ്ഥാപനത്തിലെത്തിച്ച റെയില്‍വേ ചൈല്‍ഡ് ലൈന്‍, കുട്ടിയെ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചു കുട്ടിയുടെ വീട് കണ്ടെത്തുന്നതിനു പെട്ടെന്ന് കൂട്ടായ ശ്രമം നടത്തുന്നതിന് നിര്‍ദേശം നല്കിയ ഇണഇ, പ്രോത്സാഹനം നല്കിയ ഉഇജഡ, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ആആഅ ടീം, ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ചില്‍ഡ്രന്‍സ് ഹോം ബോയ്സ്……എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു…
മകന്റെ കയ്യില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പച്ച കുത്തിയത് വെറുതെയായില്ലെന്നു ആ അമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇന്ന് ആ അമ്മയുടെ സന്തോഷം കണ്ണുനീരായി പെയ്തിറങ്ങിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനനിഞ്ഞ നിമിഷം
അമ്മയും മകനും സ്നേഹത്തില്‍ അലിഞ്ഞു ചേരുന്ന ആ അനര്‍ഘ നിമിഷം…ഈ സമാഗമത്തിന് വേദിയാകാന്‍ സാധിച്ചത് കോഴിക്കോഡിന്റെ മറ്റൊരു സൗഭാഗ്യം….. മോണ്ടിയുടെ അമ്മ അനിതയും സഹോദരന് ബികാസും ഉച്ചക്ക് കോഴിക്കോട് എത്തി വൈകുന്നേരത്തോടെ തന്റെ മകനെ സ്വീകരിക്കുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫീസിലെത്തി.
ബാലാവകാശ കമ്മീഷന് അംഗം ശ്രീമതി ബബിത ബല്‍രാജ് കുട്ടിയെ അമ്മക്ക് കൈമാറി. കോഴിക്കോടിന്റെ നന്മക്കു മറ്റൊരു പൊന്‍തൂവല്‍ കൂടിയായി മാറി ഈ സംഭവം…….ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന്റെ അഭിനന്ദനങ്ങള്‍…….